
മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ എന്നിവരെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.