
ഖത്തർ സമ്മാനിച്ച എയർ ഫോഴ്സ് വൺ വിമാനം ഒഴിവാക്കി പഴയൊരു എയർ ഫോഴ്സ് വണ്ണിൽ പ്രസിഡന്റ് ട്രംപ് യാത്ര ചെയ്‌തത് നിരവധി ചോദ്യങ്ങൾ ഉയർത്തുമ്പോഴും അത് മുൻകരുതൽ എന്ന നിലയിൽ സീക്രട്ട് സർവീസിന്റെ തീരുമാനം മാത്രം ആയിരുന്നുവെന്നു വൈറ്റ് ഹൗസ് തറപ്പിച്ചു പറയുന്നു.
ഇറാനുമായി അതിർത്തി പങ്കു വയ്ക്കുന്ന തുർക്കിയിൽ ആങ്കറയിൽ നടന്ന നേറ്റോ ഉച്ചകോടിക്കു ശേഷം ബ്രിട്ടനിലേക്കു പറക്കാൻ ട്രംപ് പഴയ വിമാനത്തിലാണ് കയറിയത്. പുതിയ വിമാനം ഒന്നു പരിശോധിക്കാൻ ബ്രിട്ടനിൽ മിലിട്ടറി ആഗ്രഹിക്കുന്നു എന്നു ട്രംപ് പറഞ്ഞു. അവിടന്നു തിരിച്ചു യുഎസിലേക്കു പറന്നത് പുതിയ വിമാനത്തിലാണു താനും.
ഖത്തർ നൽകിയ വിമാനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്നു സീക്രട്ട് സർവീസ് ഭയന്നിരുന്നു എന്നാണ് ഒരു റിപ്പോർട്ട്. ഇറാൻ ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് ഇസ്രയേൽ വിവരം നൽകിയത് ആശങ്ക ഉയർത്തിയിരുന്നു താനും.
ഇറാൻ എയർ ഫോഴ്സ് വൺ ആക്രമിച്ചാൽ എല്ലാവരും തീർന്നു പോകുമെന്നു ട്രംപ് പറഞ്ഞതായി ഒരു റിപ്പോർട്ടർ പറഞ്ഞു. വിമാനത്തിൽ ജാലകങ്ങൾ അടച്ചിരിക്കാൻ യാത്രക്കാർക്കെല്ലാം നിർദേശം ഉണ്ടായിരുന്നു. കരിംകടൽ കടക്കും വരെ വിമാനത്തിന്റെ ട്രാക്കർ ഓഫ് ചെയ്തിരുന്നു എന്നും റിപ്പോർട്ടുണ്ട്. 'അപകടരമായ ഫ്ലൈറ്റ് ആവാം' എന്നു ട്രംപ് പറഞ്ഞതായും ചില റിപ്പോർട്ടുകളിൽ കാണുന്നു.
അതൊക്കെ പക്ഷെ മുൻകരുതൽ മാത്രമായിരുന്നു എന്നു വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് പറഞ്ഞു. "പുതിയ എയർ ഫോഴ്സ് വണ്ണിൽ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. പ്രസിഡന്റ് തന്നെ പറഞ്ഞതു പോലെ, ഒട്ടേറെ ശത്രുക്കൾ അദ്ദേഹത്തെ ഉന്നം വയ്ക്കുന്നുണ്ട്. അതിനെയൊക്കെ മറികടക്കാൻ നമ്മൾ പല തന്ത്രങ്ങളും പ്രയോഗിക്കും."
Trump skipping new Air Force One raises questions