
തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിൻ്റെ 'യഥാർഥ അംബാസിഡർമാരായി' എല്ലാ എംപിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ ഗവൺമെൻ്റെ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെൻ്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിൻ്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാർലമെൻ്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിൻ്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വർധിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയർന്ന ആയുർ ദൈർഘ്യമാണ് ഇതിന് പ്രധാന കാരണം.
സംസ്ഥാനത്തിൻ്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്. ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിൻ്റെ വികസനത്തിൽ സജീവ പങ്കാളികളാക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.