
മിഡ്ടൗൺ മൻഹാട്ടനിൽ പൊളിഞ്ഞു വീഴുമെന്ന ആശങ്ക ഉയർത്തിയ 37 നില കെട്ടിടം താങ്ങി നിർത്തി പ്രശ്നം തത്കാലത്തേക്കു പരിഹരിച്ചതായി അധികൃതർ അറിയിച്ചു. നിർമ്മാണത്തിലുള്ള കെട്ടിടം എമർജൻസി ജാക്കുകളും ഉരുക്കു ബീമുകളും ഉപയോഗിച്ചു ഭദ്രമാക്കി.
സമീപത്തു അടച്ചിട്ട റോഡുകൾ പലതും തുറന്നു.
ഫൈസർ കമ്പനി ആസ്ഥാനമായിരുന്ന കെട്ടിടം പാർപ്പിടങ്ങൾ ഒരുക്കാൻ പുതുക്കി പണിതു വരികയാണ്. കെട്ടിടത്തിന്റെ അപകട സാധ്യത കണ്ടു സമീപത്തെ ഇന്ത്യയുടെ യുഎൻ കാര്യാലയം ചൊവാഴ്ച്ച ഒഴിപ്പിച്ചു. ഇന്ത്യൻ മിഷന്റെ കെട്ടിടത്തിനു ഭീഷണിയില്ലെന്നു അധികൃതർ അറിയിച്ചു. ഒഴിപ്പിക്കൽ മുൻകരുതൽ മാത്രമാണ്.
ഗ്രാൻഡ് സെൻട്രൽ ടെർമിനലിനു സമീപം അപകടനിലയിലായ കെട്ടിടത്തിൽ ഇന്ത്യൻ മിഷനിലെ ജീവനക്കാർക്കു താമസസൗകര്യമുണ്ട്. ഓഫിസുകളും കോൺഫറൻസ് സൗകര്യങ്ങളുമുണ്ട്.
സമീപത്തുള്ള സ്കൂൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്നു മേയർ സോഹ്രാൻ മാംദാനി അറിയിച്ചു.
എമർജൻസി ക്രൂ കെട്ടിടത്തിന്റെ 18 മുതൽ 23 വരെയുള്ള ഫ്ലോറുകളിൽ എമർജൻസി ബീമുകൾ സ്ഥാപിച്ചതായി മാംദാനി പറഞ്ഞു. 17ലും 24ലും അവർ ജോലി തുടരുന്നുണ്ട്.
താഴെ മുതൽ ഏറ്റവും മുകളിൽ വരെ എല്ലാ നിലകളിലും റിപ്പയർ നടത്തി കെട്ടിടം ഭദ്രമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
Near-collapse NYC building stabilized