
കോഴിക്കോട് വെള്ളയിൽ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പോലീസ് രക്ഷിച്ചു. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ് പുതിയങ്ങാടി കോയറോഡ് ബീച്ചിൽ തൈക്കുട്ടം പറമ്പിൽ സക്കീർ (49) പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടന്‍ അവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴുത്ത് ഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് കോഴിക്കോട് നഗരത്തെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്. തൻ്റെ ഭാര്യ നസീലയെ (48) കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. ആദ്യം വിശ്വസിക്കാതിരുന്ന പോലീസ് സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി വിശദമായി വിവരം ശേഖരിച്ച ശേഷം രണ്ട് പോലീസുകാരെ പുതിയങ്ങാടിയിലുള്ള ഇയാളുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
പൊലീസ് എത്തിയ വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും സക്കീറിൻ്റെ വീട്ടിലേക്ക് ഓടിയെത്തി. എന്നാൽ അകത്തുകയറി പരിശോധിച്ച പോലീസിനും നാട്ടുകാർക്കും ഒരേസമയം അത്ഭുതവും ആശ്വാസവും നൽകിക്കൊണ്ട് നസീലയ്ക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടു. ഉടൻ തന്നെ അവരെ തൊട്ടടുത്ത ഗവ. ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ പൾസും രക്തസമ്മർദവും ഉയർന്ന നിലയിലായിരുന്നു. ഡോക്‌ടർമാർ ഉടൻ തന്നെ ഓക്‌സിജൻ നൽകുകയും തുടർവിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
നസീലയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അവർ അപകടാവസ്ഥ തരണം ചെയ്‌തതായി വെള്ളയിൽ ഇൻസ്പെക്‌ടർ എസ് സുജിത്ത് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത ഇവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.