
കണ്ണൂര്‍: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിലേക്ക് പോകരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. വിവാദം കേരളത്തിന് ഗുണകരമല്ല. ആക്ഷേപം ഉന്നയിക്കുന്നവര്‍തന്നെ വ്യക്തതവരുത്തണം. താന്‍ ഇത്തരത്തില്‍ ആക്ഷേപങ്ങളൊന്നുംതന്നെ ഉന്നയിച്ചിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിനെതിരേ സിപിഎം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ്വ്യത്യസ്താഭിപ്രായവുമായി ഇ.പി. ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം' എന്നായിരുന്നുഇ.പി. ജയരാജന്‍ നല്‍കിയ മറുപടി.
വിഴിഞ്ഞത്തില്‍ വിവാദത്തിലേക്ക് പോകരുത്. അത് കേരളത്തിന് ഗുണകരമല്ല. വിവാദങ്ങളുണ്ടാക്കുക എന്ന പ്രവണതയാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഭരിക്കുന്ന മുന്നണിക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഭരണത്തിലല്ല താത്പര്യം. വിവാദമുണ്ടാക്കാനും ശണ്ഠയുണ്ടാക്കാനുമാണ് അതീവതാത്പര്യം. അതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ അതിന്റെ കരാര്‍ വ്യവസ്ഥയനുസരിച്ച് വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള താത്പര്യമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കേണ്ടത്. കരാര്‍ വ്യവസ്ഥയില്‍നിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയത്തക്ക നിലയില്‍ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്', ജയരാജന്‍ പറഞ്ഞു.
'വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വിവാദത്തിലേക്ക് പോയി, അതിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ജീവമാക്കുന്നത് കേരളത്തിന് ഗുണകരമല്ല. അതുകൊണ്ട് മന്ത്രിമാരൊക്കെ ആ കാര്യത്തില്‍ നല്ലതുപോലെ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കേരളത്തിന്റെ പൊതുതാത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്',ഇ.പി. ജയരാജന്‍ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്; 'ഏതെങ്കിലും ആളുകള്‍ക്ക് അഴിമതി നടന്നുവെന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവരത് ഉന്നയിക്കട്ടെ. ആരോപണങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍, വിജിലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ അന്വേഷിക്കട്ടെ. ഞാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലത്',അദ്ദേഹം മറുപടി നല്‍കി.