Image

ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവം ; ടിക്കറ്റ് എക്സാമിനർക്ക് സസ്പെൻഷൻ

Published on 09 July, 2026
ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവം ; ടിക്കറ്റ് എക്സാമിനർക്ക്  സസ്പെൻഷൻ

ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവത്തിൽ നടപടി. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു. ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനിൽ ആയിരുന്നു സംഭവം. ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ട്രെയിനിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റെയിൽവേ അറിയിച്ചു. അതേസമയം സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ജൂലൈ 6 ന് ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നുള്ള ദമ്പതികൾക്ക് വേണ്ടിയാണ് ഒരു സ്വകാര്യ ഡെക്കറേഷൻ സ്ഥാപനം ട്രെയിൻ കമ്പാർട്ട്മെന്റ് മനോഹരമായി അലങ്കരിച്ചത്. ‘ഹണിമൂൺ ഓൺ വീൽസ്’ എന്ന പേരിൽ ഈ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചതോടെ, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും റെയിൽവേ പ്രോട്ടോക്കോളുകളെക്കുറിച്ചും നിരവധി പേർ സംശയങ്ങൾ ഉന്നയിച്ചു. അലങ്കാരങ്ങൾ തീപിടുത്തത്തിന് കാരണമാകുമോ എന്നും, യാത്രക്കാർക്ക് ഇത്തരത്തിൽ കോച്ചുകൾ അലങ്കരിക്കാൻ അനുവാദമുണ്ടോ എന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.

അതേസമയം, നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക പ്രതികരണം. ദമ്പതികൾ രണ്ട് ബെർത്തുകളും ബുക്ക് ചെയ്തിരുന്നതിനാൽ അത് അവരുടെ സ്വകാര്യ ഇടമായി കണക്കാക്കാമെന്നും, അലങ്കാരങ്ങൾ ട്രെയിൻ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു

അലങ്കാര പണികൾ ചെയ്തയാൾ ട്രെയിനിൽ പ്രവേശിച്ചത് ടിക്കറ്റില്ലാതെയായിരുന്നു. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുത്തായി റെയിൽവേ അറിയിച്ചു. വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും റെയിൽവേ വ്യക്തമാക്കി. 

മന്ത്രാലയം പറയുന്നതനുസരിച്ച്, ദമ്പതികൾ അവരുടെ ഫസ്റ്റ് എസി ക്യാബിൻ അലങ്കരിക്കാൻ ഒരു ഓൺലൈൻ സേവനത്തിലൂടെ ഒരു സ്വകാര്യ ഡെക്കറേറ്ററെ നിയമിച്ചിരുന്നു. ഔദ്യോഗിക അനുമതിയില്ലാതെ ഡെക്കറേറ്റർ കോച്ചിൽ കയറി കമ്പാർട്ട്മെന്റ് രൂപാന്തരപ്പെടുത്തി. അനധികൃത പ്രവേശനം എങ്ങനെ നടന്നുവെന്നും ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക