Image

നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി

Published on 09 July, 2026
 നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി


മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്ത ഭൂമിയില്‍ തിരച്ചില്‍ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സൈറ്റ് എന്‍ജിനീയറായ ഹിമാചല്‍ പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, ഉത്തര്‍പ്രദേശ് സ്വദേശിയായ സര്‍വേയര്‍ അസ്ഹറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.

മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ പാല്‍, ബിഹാര്‍ സ്വദേശി ബികാസ് കുമാര്‍ സിങ്, ഝാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, സര്‍വേയര്‍ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് അവസാനം 
ലഭിച്ചതെന്നാണ് അനുമാനം. എന്നാല്‍ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ നടന്ന തിരച്ചിലില്‍ സോണ്‍ ഒന്നില്‍ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുല്‍ ശര്‍മയുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴയോട് ചേര്‍ന്നുള്ള മൂന്നാം സോണില്‍ നിന്ന് അസ്ഹറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ അസ്ഹറുദ്ദീന്‍ ഇവിടെ സര്‍വേയറായി ജോലി ചെയ്തുവരികയായിരുന്നു.

ദുരന്തഭൂമിയിലെ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഇന്ന് കൂടുതല്‍ ഊര്‍ജിതമാക്കി. പുഴയില്‍ വീണുകിടന്ന ബസ്സും മറ്റ് വാഹനഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും വെള്ളം തെളിയുകയും ചെയ്തത് പരിശോധന എളുപ്പമാക്കിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് ടീമുകള്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, വോളന്റിയര്‍മാര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. പരിശോധനയ്ക്കായി കഡാവര്‍ ഡോഗ്‌സിനെയും ഉപയോഗിക്കുന്നുണ്ട്. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക