
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. സംഭവം വിവാദവും ചര്‍ച്ചയും ആയതോടെ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാര്‍ട്ടി ഓഫീസിന്റെ ചുമതലകളില്‍നിന്നു മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടികളുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെത്തുടര്‍ന്നു പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണു നേതാവിനെതിരെ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച തുകയില്‍നിന്നു 11 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു വിവരം. ഫണ്ട് തട്ടിപ്പു സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷനു ലഭിച്ച പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
സംസ്ഥാനത്തെ ബിജെപിയിലെ മറ്റു ചില നേതാക്കള്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണു ദേശീയ നേതാക്കള്‍ക്കടക്കം ലഭിച്ച വിവരം. ഇതുസംബന്ധിച്ചു പാര്‍ട്ടി തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. ഫണ്ടു വിവാദം സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനാ വിഷയങ്ങള്‍ക്കു വഴിതെളിക്കും.