
കൊച്ചി: സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനെ തിരുത്തി ഹൈക്കോടതി. നിയമനത്തില്‍ ജില്ലാ ജഡ്ജിയുടെ വാക്കുകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയിരുന്ന നിയമനങ്ങള്‍ ഇനി മുതല്‍ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാകും. പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം യുഡിഎഫ് സര്‍ക്കാര്‍ നടത്താനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.
സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തിലാണ് സര്‍ക്കാരിന്റെ കരട് നിര്‍ദ്ദേശത്തില്‍ ഹൈക്കോടതി തിരുത്ത് വരുത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് നിയമനം സാധ്യമാക്കുന്നത് ആയിരുന്നു സര്‍ക്കാരിന്റെ കരട് സര്‍ക്കുലര്‍. ജില്ലാ ജഡ്ജിമാരുടെ അഭിപ്രായത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും ആയിരുന്നു കരട് സര്‍ക്കുലറിലെ നിര്‍ദ്ദേശം. സര്‍ക്കുലറിലെ മൂന്നാം വകുപ്പിലെ അര്‍ഹമായ പരിഗണന എന്ന വാക്ക് തിരുത്തി അര്‍ഹമായ പ്രാമുഖ്യം എന്നാക്കി ഡിവിഷന്‍ ബെഞ്ച് മാറ്റി. അമികസ് ക്യൂറി പി ദീപകിന്റെ അഭിപ്രായം ശരിവെച്ചാണ് ഹൈക്കോടതിയുടെ ഭേദഗതി.
ഭേദഗതി നിര്‍ദ്ദേശം അനുസരിച്ച് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ ഇനിമേല്‍ ജില്ലാ കളക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും താല്‍പര്യം അതേപടി നടപ്പാവില്ല. പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉദ്യോഗാര്‍ത്ഥികളുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാര്‍ പശ്ചാത്തലം പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. നിയമന പ്രക്രിയയില്‍ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉള്‍പ്പെടുത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജിക്കാരന്റെ അഭിഭാഷകനായ എസ്‌കെ ആദിത്യന്റെ എതിര്‍പ്പ് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിന് ഇനിമേല്‍ സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല.