Image

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

Published on 09 July, 2026
കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൂട്ടപ്പിരിച്ചുവിടല്‍ നടപടികളില്‍ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെല്‍ത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കമ്പനി അധികൃതര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

തൊഴില്‍ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചര്‍ച്ച വരെ ജീവനക്കാര്‍ ജോലിയില്‍ തുടരുമെന്നു തീരുമാനിക്കാന്‍ തൊഴില്‍ വകുപ്പിന് പുതിയ ലേബര്‍ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.

എന്നാല്‍, നീക്കം സര്‍ക്കാരിന്റെ സമവായ ശ്രമത്തിന്റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബര്‍ കോഡിലെ വ്യവസ്ഥകള്‍ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിര്‍ദേശം നല്‍കി. അതേസമയം, പിരിച്ചുവിടല്‍ നടപടികളില്‍ കടുംപിടിത്തം തുടരുകയാണ് കോറോ ഹെല്‍ത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ജൂലൈ പത്തുവരെ പിരിച്ചുവിടല്‍ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഈ ധാരണയില്‍ നിന്നാണ് കോറോ ഹെല്‍ത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്‍കൂട്ടി അറിയിപ്പും നല്‍കാതെ വെള്ളിയാഴ്ച കമ്പനി ജോലിയില്‍നിന്ന് ഒഴിവാക്കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക