Image

മെയ്‌നിൽ ലൈംഗിക ആരോപണം നേരിട്ട ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി പ്ലാറ്റ്നർ പിന്മാറി (പിപിഎം)

Published on 09 July, 2026
മെയ്‌നിൽ ലൈംഗിക ആരോപണം നേരിട്ട ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി പ്ലാറ്റ്നർ പിന്മാറി (പിപിഎം)

മെയ്‌നിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് സ്ഥാനാർഥിയായ ഗ്രഹാം പ്ലാറ്റ്നർ മത്സരത്തിൽ നിന്നു പിന്മാറി. ബലാത്സംഗ ആരോപണം ഉയർന്നതിനെ തുടർന്നു പാർട്ടിയിൽ കനത്ത സമ്മർദം ഉണ്ടായതിനാലാണ് പിന്മാറ്റം.

പുതിയൊരു സ്ഥാനാർഥിയെ പാർട്ടി ജൂലൈ 27നു തിരഞ്ഞെടുക്കും.

റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസിനെ തോൽപിച്ചു ഈ സീറ്റ് പിടിച്ചെടുക്കുന്നത് സെനറ്റിൽ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിൽ നിർണായകമാവും എന്നതിനാൽ ഡെമോക്രാറ്റുകൾ ഈ മത്സരത്തിന് ഏറെ മുൻ‌തൂക്കം നൽകിയിരുന്നു. പ്ലാറ്റ്നർക്കെതിരെ ഉയർന്ന ആരോപണം മത്സരത്തിൽ തുടർന്നും പ്രശ്‌നമാവാം.

ആരോപണം തള്ളിക്കൊണ്ടാണ് പ്ലാറ്റ്നർ പിന്മാറ്റം അറിയിച്ചത്. "ഇതൊരു കുറ്റസമ്മതമല്ല. അധികാരത്തിൽ ഇരിക്കുന്നവർ നമ്മളിൽ നിന്നു തട്ടിയെടുക്കാൻ ശ്രമിക്കുന്ന വിജയം നഷ്ടപ്പെടാതിരിക്കാനാണ് ഈ പിന്മാറ്റം."

സ്ഥാനാർഥിയായതു മുതൽ അപവാദങ്ങൾ നേരിട്ട പ്ലാറ്റ്നർ സ്ത്രീ വിഷയത്തിലാണ് ഏറ്റവും ആരോപണം നേരിട്ടത്. അദ്ദേഹം ഡെയ്റ്റ് ചെയ്തിട്ടുള്ള ജെന്നി റാസികോട്ട് (41) എന്ന പാർട്ടി പ്രവർത്തകയാണ് ഏറ്റവും ഒടുവിൽ ബലാത്സംഗ ആരോപണം കൊണ്ടുവന്നത്. 2021ലാണ് അതുണ്ടായതെന്നു 'പൊളിറ്റിക്കോ'യോട് അവർ പറഞ്ഞു. 

പിന്നീട് സി എൻ എൻ ചോദിച്ചപ്പോഴും അവർ അത് സ്ഥിരീകരിച്ചു. പാർട്ടിയിൽ ആരും തന്നെ സ്ഥാനാർഥിയെ രക്ഷിക്കാൻ എത്തിയില്ല താനും. മാത്രമല്ല, മുൻപ് പിന്തുണച്ചവർ മാറി നിൽക്കയും ചെയ്തു.  

പാർട്ടിയുടെ ക്യാമ്പെയ്‌നും പ്ലാറ്റ്നർക്കു  എതിരായ നിലപാടെടുത്തു. സെനറ്റിൽ ഡെമോക്രാറ്റിക് നേതാവായ ചക് ഷൂമർ തന്നെ ആ എതിർപ്പിനു നേതൃത്വം നൽകുകയും ചെയ്തു.

പ്രമുഖ സെനറ്റർ ബെർണി സാന്ഡേഴ്സ് ആവട്ടെ, പിന്മാറാൻ തുറന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പിന്മാറാൻ മടിച്ച പ്ലാറ്റ്നർ ആരോപണങ്ങൾക്കു പിന്നിൽ പാർട്ടി നേതൃത്വമാണ് ഉള്ളതെന്ന് പറയാൻ മറന്നില്ല.

ജൂൺ 9നു നടന്ന പ്രൈമറിയിൽ 72% വോട്ട് നേടിയാണ് പ്ലാറ്റ്നർ ജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളി ഗവർണർ ജാനെറ്റ് മിൽസ് നേരത്തെ പിന്മാറിയിരുന്നു. എങ്കിലും അവർക്കു 20% വോട്ട് കിട്ടി.

മെയ്ൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഷെന്ന ബെല്ലോവ്സ്, സംസ്ഥാന സെനറ്റ് മുൻ പ്രസിഡന്റ് ട്രോയ് ജാക്‌സൺ തുടങ്ങിയവരാണ് പ്ലാറ്റ്നർക്കു പകരമാകാൻ രംഗത്തുള്ളത്. ഇന്ത്യൻ അമേരിക്കൻ നീരവ് ഷായും ആലോചിക്കുന്നുണ്ട്.

Sex scandal downs Platner 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക