Image

എച്-1 ബി വിസ തട്ടിപ്പുകളിൽ ഊർജിതമായ അന്വേഷണം നടക്കുന്നുവെന്നു വാൻസ്‌ (പിപിഎം)

Published on 09 July, 2026
എച്-1 ബി വിസ തട്ടിപ്പുകളിൽ ഊർജിതമായ അന്വേഷണം നടക്കുന്നുവെന്നു വാൻസ്‌ (പിപിഎം)

വിദേശിയരായ വിദഗ്‌ധ ജോലിക്കാരെ കൊണ്ടുവരാൻ സാങ്കേതിക കമ്പനികൾ ഉപയോഗിക്കുന്ന എച്-1 ബി വിസ പ്രോഗ്രാമിലെ തട്ടിപ്പുകളെ കുറിച്ചു യുഎസ് തൊഴിൽ വകുപ്പ് വീണ്ടും അന്വേഷണം ആരംഭിച്ചെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ അറിയിച്ചു. 

"അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്കുളളതാണ്," അദ്ദേഹം പറഞ്ഞു. അതു തടയുന്ന അവസ്ഥ ഉണ്ടാവരുതെന്നു ട്രംപ് ഭരണകൂടത്തിന് നിർബന്ധമുണ്ട്.

എച്-1 ബി പ്രോഗ്രാം ദുരുപയോഗം ചെയ്‌ത വിദേശ  ഏജന്റുമാരെ വിളിച്ചു വരുത്താൻ സപ്പീന അയച്ചുവെന്നു വാൻസ്‌ വെളിപ്പെടുത്തി. നികുതി ദായകന്റെ പണമാണ് വിസ പരിപാടികൾക്കു ചെലവിടുന്നത്.

എച്-1 ബി പ്രോഗ്രാം ഉണ്ടാക്കിയത് ഉയർന്ന വൈദഗ്ധ്യം ഉളള ശാസ്ത്രജ്ഞമാർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരെ കണ്ടെത്താനാണ്. എന്നാൽ വലിയ കമ്പനികളും വിദേശത്തുള്ള തട്ടിപ്പു  സ്ഥാപനങ്ങളും അതിനെ ദുരുപയോഗം ചെയ്തു. ഫലമോ, അമേരിക്കൻ ജോലിക്കാർക്കു കിട്ടേണ്ട വരുമാനം കുറഞ്ഞു.

ഡസൻ കണക്കിനു സപ്പീനകൾ അയച്ചിട്ടുണ്ട്. നിരവധി അന്വേഷണങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. "അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്കു തന്നെ ലഭിക്കേണ്ടതാണ്. വിദേശ തട്ടിപ്പുകാർക്കല്ല. അതിനെതിരെ തൊഴിൽ വകുപ്പ് ശക്തമായി നടപടി എടുക്കും."

ഡസൻ കണക്കിനു സപ്പീനകൾ

തൊഴിൽ വകുപ്പ് ഇതു വരെ എടുത്ത നടപടികളിൽ ഏറ്റവും ഊർജിതമാവും ഇതെന്നു ഇൻസ്‌പെക്ടർ ജനറൽ ആന്തണി ഡി എസ്പോസിറ്റോ പറഞ്ഞു. 

"ഞങ്ങൾ ഡസൻ കണക്കിനു സപ്പീനകൾ നൽകിയിട്ടുണ്ട്." ട്രംപ് ഭരണകൂടത്തിന്റെയും വാൻസ്‌ നയിക്കുന്ന തട്ടിപ്പു വിരുദ്ധ വിഭാഗത്തിന്റെയും പിന്തുണയോടെ ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്.

"ഓരോ തെളിവും ഞങ്ങൾ ഉപയോഗിക്കും. കോഗ്നിസന്റ് പോലുള്ള ചില വൻകിട കമ്പനികൾക്കെതിരെ ആരോപണങ്ങൾ വന്നിട്ടുണ്ട്. അവയും അന്വേഷിക്കും."

അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായി ഈ തട്ടിപ്പ് സംഘങ്ങൾക്കു ബന്ധമുണ്ടെന്നു അദ്ദേഹം പറഞ്ഞു.

യുഎസ് ഫാക്ടറികളിലും തുറമുഖങ്ങളിലും ആശുപത്രികളിലും ഉൾപ്പെടെ തട്ടിപ്പ് അന്വേഷിക്കുന്നുണ്ട്. "തട്ടിപ്പുകാരെ വേട്ടയാടും. അവരെ ജയിലിൽ അടയ്ക്കും." ജസ്റ്റിസ് ഡിപ്പാർട്മെന്റും ഈ അന്വേഷണത്തിൽ സഹായിക്കുന്നുണ്ട്.

കാലിഫോർണിയ, ന്യൂ യോർക്ക്, ഇലിനോയ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് എച്-1 ബി വിസയ്ക്ക് ഏറ്റവുമധികം അപേക്ഷകൾ വരാറുളളതെന്ന്  ഡി എസ്പോസിറ്റോചൂണ്ടിക്കാട്ടി.

US launches fresh H-1B visa fraud probe

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക