
ബ്രസീല്‍ നോര്‍വേയോട് തോറ്റപ്പോഴും(1-2) പോര്‍ച്ചുഗല്‍ സ്‌പെയിനിനോട് പരാജയപ്പെട്ടപ്പോഴും(0-1) ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയത്രയും യNഥാക്രമം നെയ്മര്‍ ജൂനിയറിന്റെയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെയും മുഖങ്ങളിലായിരുന്നു. പരുക്കില്‍ നിന്നു മോചിതനായെങ്കിലും ഒരു മത്സരത്തിലും മുഴുവന്‍ സമയം കളിക്കാന്‍ കഴിയാതെപോയ നെയ്മര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആശ്വാസത്തോടെ കളം വിട്ടു. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങലും പ്രഖ്യാപിച്ചു.
തുടരെ ആറു ലോകകപ്പ് കളിച്ച് ആറിലും ഗോള്‍ നേടി റെക്കോര്‍ഡിട്ട റൊണാള്‍ഡോയ്ക്ക് തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടാനായില്ല. പോര്‍ച്ചുഗല്‍ ഇക്കുറി അത്ര മെച്ചപ്പെട്ട ടീമാണെന്ന് അധികമാരും വിലയിരുത്തിയിട്ടുണ്ടാവില്ല. പക്ഷേ, 2022 ലെ മെസിയെപ്പോലെ റൊണാള്‍ഡോ 2026 ലെങ്കിലും ലോകകപ്പ് ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയുണ്ട്. കളിക്കളത്തില്‍ നിറഞ്ഞ കണ്ണുകളുമായി നിന്ന റൊണാള്‍ഡോ ഫുട്‌ബോള്‍ ആരാധകരുടെ കണ്ണും നിറച്ചു.
ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ ഈ നോക്കൗട്ടിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായപ്പോഴും മലയാളി ഫുട്‌ബോള്‍ ആരാധകര്‍ സങ്ക' sപ്പെട്ടിട്ടുണ്ടാവില്ല. കാരണം മലയാളികളുടെ പ്രിയപ്പെട്ട ടീമുകള്‍ അര്‍ജന്റീനയും ബ്രസീലും തന്നെ. ന്യൂജെന്‍ ആരാധകര്‍ കൂടുതല്‍ പോര്‍ച്ചുഗലിനാണ്. ബ്രസീലിനും പോര്‍ച്ചുഗലിനും പിന്നാലെ അര്‍ജന്റീന കൂടി പുറത്താകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈജിപ്തിനെതിരായ പ്രീക്വാര്‍ട്ടറില്‍ 79 മിനിറ്റ് വരെ നിലവിലെ ലോകകപ്പ് ജേതാക്കള്‍ രണ്ടു ഗോളിനു പിന്നിലായിരുന്നു.
ഒരേ ലോകകപ്പില്‍ രണ്ടുതവണ പെനാല്‍റ്റി പാഴാക്കിയ ആദ്യതാരം എന്ന ലേബല്‍ മെസിക്കുമേല്‍ ചാര്‍ത്തപ്പെട്ടപ്പോഴും ആരാധകര്‍ മെസ്സി മാജിക്ക് പ്രതീക്ഷിച്ചു. സമനില ഗോളിലൂടെ മെസി ഈ ലോകപ്പില്‍ എട്ടു ഗോള്‍ തികച്ചു. എന്‍സോ ഫെര്‍ണാണ്ടസ് വിജയഗോളും നേടി. അതും ഇഞ്ചുറി ടൈമില്‍. മെസി ആരാധകര്‍ ആര്‍ത്തു തുള്ളുമ്പോഴും നാട്ടിലെങ്ങും ട്രോള്‍ പ്രളയമാണ്. കഥാനായകന്‍ മത്സരം നിയന്ത്രിച്ച റഫറി ഫ്രാക്കോയിസ് ലെറ്റെക്‌സിയറും.
റഫറി അര്‍ജന്റീനാ ടീമിന്റെ ഭാഗമായിരുന്നെന്നും ഗോള്‍ അടിച്ചില്ലെന്നു മാത്രമേയുള്ളൂവെന്നും കമന്റ്. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയെ മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിയിച്ച ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അര്‍ജന്റീനയുടെ ഫൗളുകള്‍ കാണാതെ പോയ റഫറി അര്‍ജന്റീന കോച്ച് ഹോസം ഹസനെ മാത്രമല്ല, ഈജിപ്തുകാരായ കാണികളെയും മഞ്ഞക്കാര്‍ഡ് കാട്ടിയെന്നാണു പരിഹാസം.
ഫിഫയ്ക്ക് ഈജിപ്ത് പരാതികൊടുത്തിട്ടുണ്ട്. ബെല്‍ജിയം യു.എസിനെതിരായ കളിക്കു മുമ്പ് കൊടുത്ത പരാതിപോലെയാകും ഇതിന്റെയും വിധി. കെയ്പ് വെര്‍ദെയ്‌ക്കെതിരെ ജയിക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവന്ന അര്‍ജന്റീന ഈജിപ്തിനെതിരെ പൊരുതിക്കളിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. രണ്ടു ഗോളിന്റെ ലീഡ് നല്‍കിയ അമിത വിശ്വാസത്തില്‍ പൂര്‍ണ്ണ പ്രതിരോധത്തിലേക്കു നീങ്ങിയതാണ് ഈജിപ്തിനു പറ്റിയ പിഴവ് എന്നു പറയാം.
അര്‍ജന്റീനയും മെസിയും സെമിവരെയെങ്കിലും എത്തിയില്ലെങ്കില്‍ ലോകകപ്പിന്റെ ആവേശം ചോരുമെന്നും വരുമാനം കുറയുമെന്നും ഫിഫ കരുതുന്നതായി വിമര്‍ശനമുണ്ട്. പ്രാഥമിക റൗണ്ടിലെ ഒരു മത്സരത്തില്‍ മെസി എതിരാളിയുടെ ജഴ്‌സിയില്‍ പിടിച്ചു വലിക്കുന്നത് റഫറി കാണാതെ പോയിരുന്നു. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നോ? മെസിക്കും അര്‍ജന്റീനയ്ക്കും പ്രത്യേക പരിഗണനയുണ്ടോ? എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ വിജയത്തിന് തിളക്കം കുറവായിരുന്നു.