
ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന കനേഡിയൻ സർക്കാരിന്റെ ആരോപണങ്ങൾ തള്ളി പുതിയ യുഎസ് കുറ്റപത്രം. നിജ്ജാറിന്റെ കൊലപാതകം അന്താരാഷ്ട്ര അധോലോക ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ (ഗ്യാങ് വാർ) ഭാഗമായിരുന്നെന്നാണ് യുഎസ് കോടതിയിൽ സമർപ്പിച്ച പുതിയ രേഖകൾ വ്യക്തമാക്കുന്നത്. കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന ഇന്ത്യയുടെ ഔദ്യോഗിക നിലപാട് പൂർണ്ണമായും ശരിവെക്കുന്നതാണ് ഈ കണ്ടെത്തൽ.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് സാധ്യമായ പങ്കുണ്ടെന്ന് അന്നത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുന്നയിച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം ഈ കേസിൽ ഇന്ത്യൻ ഗവൺമെന്റ് ഉദ്യോഗസ്ഥരെ പ്രതിചേർക്കാൻ മതിയായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കനേഡിയൻ പോലീസ് വ്യക്തമാക്കി.
കാനഡ പോലീസിന്റെ ഈ പ്രസ്താവന, ജസ്റ്റിൻ ട്രൂഡോയുടെ മുൻ സർക്കാർ ഉയർത്തിയ വാദങ്ങളിൽ നിന്നുള്ള വലിയ മാറ്റമാണ്. ജസ്റ്റിൻ ട്രൂഡോയുടെ അന്നത്തെ പ്രസ്താവന പതിറ്റാണ്ടുകളായുള്ള ഇന്ത്യ-കാനഡ ബന്ധത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
നിലവിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കും ഉത്തരേന്ത്യൻ വംശജനായ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാറിനുമെതിരെ യു.എസ് അധികൃതർ കുറ്റപത്രം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) ഈ വെളിപ്പെടുത്തൽ നടത്തിയത്. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കെതിരെയുള്ള വിപുലമായ നടപടികളുടെ ഭാഗമാണ് ഈ കേസെങ്കിലും, ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് അമേരിക്കൻ കുറ്റപത്രത്തിൽ എവിടെയും ആരോപിക്കുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിനെ 2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ മേധാവിയായിരുന്നു അദ്ദേഹം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേയിലെ ഒരു ഗുരുദ്വാരയുടെ പാർക്കിംഗ് ഏരിയയിൽ വച്ച് മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നിജ്ജാറിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ ചുമതലയേറ്റ മാർക്ക് കാർണി വർഷങ്ങളായി തകർച്ചയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം പുതിയ നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല സമ്പർക്കങ്ങളിലൂടെയും പുനരുജ്ജീവിപ്പിച്ച് വരികയാണ്.