
തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി) കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ ബോണ്ടുകളിലൂടെയും വായ്‌പകളിലൂടെയും സമാഹരിച്ചത് 42,053.20 കോടി രൂപയെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ധനകാര്യ വകുപ്പ് നൽകിയ മറുപടി അനുസരിച്ച്, നിലവിൽ കിഫ്ബിയുടെ ആകെ കടബാധ്യത 32,187.47 കോടി രൂപയാണ്. ഇതിൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ 9,865.73 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. വരും വർഷങ്ങളിലും കിഫ്ബിക്ക് വലിയ തുക തിരിച്ചടക്കേണ്ടി വരുന്ന തരത്തിൽ കട ബാധ്യതയുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
2026-27 സാമ്പത്തിക വർഷം മുതൽ അടുത്ത അഞ്ച് വർഷത്തേക്കായി മാത്രം ഏകദേശം 17,447 കോടി രൂപയുടെ തിരിച്ചടവാണ് പ്രതീക്ഷിക്കുന്നത്. നബാർഡ്, എസ്.ബി.ഐ, ഇന്ത്യൻ ബാങ്ക്, മസാല ബോണ്ട് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 7% മുതൽ ട്രഷറി നിരക്കുകൾ വരെയുള്ള ഉയർന്ന പലിശയ്ക്കാണ് ഈ തുകകളിൽ ഭൂരിഭാഗവും ലഭ്യമാക്കിയിട്ടുള്ളത്.
വിവരാവകാശ രേഖയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ കിഫ്ബിയുടെ മുൻ സിഇഒ കെ.എം. എബ്രഹാമിൻ്റെ ശമ്പളവുമായി ബന്ധപ്പെട്ടതാണ്. 2018 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ ശമ്പള ഇനത്തിൽ മാത്രം അദ്ദേഹം 3,42,89,720 രൂപ (മൂന്ന് കോടി നാൽപ്പത്തിരണ്ട് ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി ഇരുപത് രൂപ) കൈപ്പറ്റിയിട്ടുണ്ട്.