
കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കെ. ബിജു ഐഎഎസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി ഹൈക്കോടതി. ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹനാണോ എന്ന് കോടതി ആരാഞ്ഞു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഈ വിഷയത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏകദേശം 25 മിനിറ്റോളമാണ് കോടതി ഈ ഉദ്യോഗസ്ഥനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ബിജു ഐഎഎസ് പുറത്തിറക്കിയ വിവാദ ഉത്തരവ് അദ്ദേഹം സ്വയം തയ്യാറാക്കിയതാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികള്‍ എഴുതിക്കൊടുത്ത കാര്യങ്ങള്‍ അതേപടി ജി.ഒ (G.O) നമ്പറിട്ട് ഉത്തരവായി ഇറക്കുകയായിരുന്നുവെന്ന് വേണം കരുതാനെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വാക്കാല്‍ പരാമര്‍ശിച്ചു. ഇയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥന്‍ നടത്തിയത് അതീവ ഗൗരവകരമായ തെറ്റാണെന്നും ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയോ കരുണയോ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുന്‍പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസിലെ മുഖ്യപ്രതിയായ ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ പത്രസമ്മേളനം നടത്തി ഈ ഉത്തരവിലെ കോടതിക്കെതിരെയുള്ള ഭാഗങ്ങള്‍ വായിച്ചത് ഗൗരവകരമായ കോടതി അലക്ഷ്യമായിട്ടാണ് കാണുന്നത്. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നു. കോടതി നിര്‍ബന്ധിച്ചതിനാല്‍ സമയം കിട്ടിയില്ലെന്ന ബിജുവിന്റെ ആദ്യ ഉത്തരവിലെ വിശദീകരണത്തെ കോടതി പരിഹസിച്ചു. അഞ്ചു ദിവസം മുന്‍പ് സമയം കിട്ടാതിരുന്ന ഉദ്യോഗസ്ഥന് ഇപ്പോള്‍ തിരുത്തിയ ഉത്തരവ് ഇറക്കാന്‍ എങ്ങനെയാണ് പെട്ടെന്ന് സമയം ലഭിച്ചതെന്ന് കോടതി ചോദിച്ചു.
വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ പിന്നീട് പുതിയ ഉത്തരവ് ഇറക്കിയെങ്കിലും പഴയ ഉത്തരവ് കോടതിയെ അധിക്ഷേപിക്കുന്നതായിരുന്നു എന്ന് കോടതി വിലയിരുത്തി. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിഞ്ഞുകൊണ്ട് ഇത്തരമൊരു പിശക് വരുത്തുമെന്ന് കരുതുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ. ബിജു ഐഎഎസിനോട് വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഹൈക്കോടതിയുടെ സമ്മര്‍ദപ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യ ഉത്തരവിലുണ്ടായിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉത്തരവ് പുതുക്കി ഇറക്കിയത്.
ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്. ഇത് പിന്നീട് തിരുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രോസിക്യൂഷന്‍ അനുമതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.