
തലശേരി: പതിനാറുകാരിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവില്‍ നിന്ന് കൊളവല്ലൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈല്‍. ഇയാള്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസില്‍ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈല്‍ എന്നിവര്‍ക്കെതിരെ ചേവായൂര്‍ പോലീസ് കേസെടുത്ത് കൊളവല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറില്‍ എത്തിയ സംഘം വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി രാത്രിയില്‍ വീടിനു മുന്നില്‍ ഇറങ്ങിനിന്നത്. എന്നാല്‍, കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചില്‍ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു. പെണ്‍കുട്ടി തിരൂരില്‍ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈല്‍ പെണ്‍കുട്ടിയെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയത്. നിലവില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈല്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.