
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി നടനും 'അമ്മ'യുടെ മുൻ ഭാരവാഹിയുമായ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. നേരത്തെ അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ കടവന്ത്ര പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. കേസിന്റെ ഭാഗമായി ടിനി ടോമിനെ ഉടൻ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടയിലാണ് മുൻകൂർ ജാമ്യത്തിനായുള്ള നടന്റെ നീക്കം.
സ്ത്രീകളോടുള്ള മോശം പെരുമാറ്റം (ബി.എൻ.എസ് 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം (ബി.എൻ.എസ് 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം (ബി.എൻ.എസ് 79), മതസ്പർദ്ധ വളർത്തൽ (ബി.എൻ.എസ് 299), മതവികാരം വ്രണപ്പെടുത്തൽ (ബി.എൻ.എസ് 302) തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 30-നാണ് അൻസിബയുടെ ഹർജി പരിഗണിച്ച് കോടതി ഉത്തരവിട്ടത്. അൻസിബയ്‌ക്കെതിരെ ടിനി ടോം നടത്തിയ വർഗീയ പരാമർശങ്ങളിലും സ്ത്രീത്വത്തെ അപമാനിച്ചതിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തനിക്കെതിരെയുള്ള പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാടെന്നും, അതിനാൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിൽ നിന്ന് സംരക്ഷണം വേണമെന്നുമാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി വരുംദിവസങ്ങളിൽ പരിഗണിക്കും. സിനിമാ മേഖലയിലെ താരങ്ങൾ തമ്മിലുള്ള തർക്കവും കോടതി ഇടപെടലും നിലവിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.