
അരൂര്‍: ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റന്‍ പുകക്കുഴല്‍ സമീപത്തെ വീടിനു മുകളിലേക്ക് തകര്‍ന്നു വീണു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകന്‍ എന്നയാളുടെ വാര്‍ക്ക വീടിന് മുകളില്‍ നിര്‍മിച്ചിരുന്ന ട്രസ് വര്‍ക്കിന് മുകളിലേക്കാണ് പുകക്കുഴല്‍ പതിച്ചത്. ആര്‍ക്കും പരിക്കേല്‍ക്കാത്തത് വലിയ ആശ്വാസമായി.
ഇരുമ്പില്‍ നിര്‍മ്മിച്ച ഏകദേശം 30 മീറ്റര്‍ നീളമുള്ള പുകക്കുഴലാണ് തകര്‍ന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുര്‍ബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകള്‍ മൂലം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഈ ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.
ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് മുന്നോടിയായി അടുത്തിടെ ഒരു വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. പുകക്കുഴലും ചിമ്മിനിയും ഉള്‍പ്പെടെയുള്ളവ അടിയന്തരമായി മാറ്റണമെന്ന് ഈ സംഘം നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വീടിനു മുകളില്‍ വീണുകിടക്കുന്ന പുകക്കുഴല്‍ ക്രെയിന്‍ എത്തിച്ച് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.