Image

കേതനെ കൊലപ്പെടുത്തും മുമ്പ് സിയയും ചേതനും തമ്മിൽ രഹസ്യവിവാഹം? കെതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നു

Published on 07 July, 2026
കേതനെ കൊലപ്പെടുത്തും മുമ്പ് സിയയും ചേതനും തമ്മിൽ രഹസ്യവിവാഹം? കെതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നു

മുംബൈ: പൂനെയിൽ കെതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നു. പ്രതിയായ പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും സംഭവത്തിന് മാസങ്ങൾക്ക് മുമ്പ് രഹസ്യമായി വിവാഹിതരായിരുന്നോയെന്ന് അന്വേഷിക്കുകയാണ് പൂനെ റൂറൽ പോലീസ്.

സിയയും ചേതനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റ് ആശയവിനിമയങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇരുവരും ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹച്ചടങ്ങ് നടത്തിയിരുന്നതായി സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഈ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതാണോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

സിയയും ചേതനും രഹസ്യമായി വിവാഹിതരായിട്ടുണ്ടോയെന്നും, വിവാഹച്ചടങ്ങ് എവിടെയായിരുന്നു നടന്നതെന്നും, അത് നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നോയെന്നും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയുള്ളൂ എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ജൂൺ 18-ന് ലോഹഗഡ് കോട്ടയിൽ നിന്ന് കെതനെ തള്ളിയിട്ട് കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ജൂൺ 23-നാണ് സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്തത്. 10 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നിലവിൽ ഇരുവരും ജയിലിലാണ്.

പൂനെയ്ക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കെതന്റെ മരണത്തെക്കുറിച്ചുള്ള നിഗമനം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൂനെ റൂറൽ പോലീസ് കണ്ടെത്തി.

ഫെബ്രുവരി 19-നാണ് സിയയും കേതനും തമ്മിൽ വിവാഹനിശ്ചയം നടന്നത്. ഈ വർഷാവസാനത്തോടെ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞ ഒക്ടോബർ മുതൽ സിയ ചേതനുമായി പ്രണയത്തിലായിരുന്നുവെന്നും കേതനെ വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

മേയ് 31-നും ജൂൺ 14-നും സിയ കേതനൊപ്പം ലോഹഗഡ് കോട്ട സന്ദർശിച്ചിരുന്നു. തുടർന്ന് ജൂൺ 18-ന് ചേതനുമൊത്ത് വീണ്ടും അവിടെയെത്തി കേതനെ കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് ആരോപിക്കുന്നത്. ജൂൺ 4-നും കോട്ടയിലേക്ക് പോകാൻ സിയ കേതനെ പ്രേരിപ്പിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആ യാത്ര റദ്ദായതായും പോലീസ് വ്യക്തമാക്കി.

കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് പൂനെയിലെ ലുള്ളാ നഗറിലെ ഒരു ക്ലബ് ലോഞ്ചിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് ഇരുവരും പദ്ധതി പരിശീലിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിയയെ അടുത്തിടെ ആ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ ലോഹഗഡ് കോട്ടയിൽ ഇരുവരെയും പ്രത്യേകം എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്കരിക്കുകയും ചെയ്തു.

വിവാഹത്തിന് മുന്നോടിയായി ബാലിയിലേക്ക് പോകാൻ കേതൻ ആസൂത്രണം ചെയ്ത യാത്ര തടസ്സപ്പെടുത്താൻ സിയ മുമ്പ് ശ്രമിച്ചിരുന്നെന്നും പോലീസ് ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക