Image

വയനാട്ടില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; ഉത്തരവിട്ട് ജില്ലാ കലക്ടര്‍

Published on 07 July, 2026
വയനാട്ടില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം; ഉത്തരവിട്ട് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ ; വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയും കാലാവസ്ഥാ വകുപ്പ് ചുവന്ന ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരമാണ് കലക്ടറുടെ ഉത്തരവ്.

ദുരന്ത സാധ്യതയുള്ള ദുര്‍ബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കണം. ഇതിന് പുറമെ, എല്ലാ അഡ്വഞ്ചര്‍ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കണം.

കള്ളാടി-ആനക്കാംപൊയില്‍ ടണല്‍ റോഡുമായും മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിത പ്രദേശത്തും ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടി മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തദ്ദേശ സ്വയംഭണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മേല്‍നോട്ടം നിര്‍വഹിക്കണം. 

വയനാട് ടൗണ്‍ഷിപ്പ് പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ സെക്രട്ടറി, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ എന്നിവര്‍ ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. ജില്ലയില്‍ പ്രളയം, മണ്ണിടിച്ചില്‍ പോലുള്ള അപകടഭീഷണി നിലനില്‍ക്കുന്ന ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. അതിനുള്ള നടപടികള്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അധികൃതരും റവന്യൂ വകുപ്പ് അധികൃതരും സംയുക്തമായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ഏകോപിച്ച് നിര്‍വഹിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 51 (ബി) പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക