Image

"ദുരന്തത്തെ ആയുധമാക്കരുത്, പഴിചാരലിനുള്ള സമയമല്ലിത്, രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന"; മന്ത്രിമാർക്ക് മുഹമ്മദ് റിയാസിന്റെ മറുപടി

Published on 07 July, 2026
"ദുരന്തത്തെ ആയുധമാക്കരുത്, പഴിചാരലിനുള്ള സമയമല്ലിത്, രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന"; മന്ത്രിമാർക്ക് മുഹമ്മദ് റിയാസിന്റെ മറുപടി

കൽപ്പറ്റ: വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനം തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള അപക്വ പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇപ്പോളെന്ന് മന്ത്രിമാർ ഉൾപ്പടെയുള്ളവർ തിരിച്ചറിയണമെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

​ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് എല്ലാവരും ഒരുമിച്ച് നിന്ന് പിന്തുണ നൽകുകയാണ് വേണ്ടത്. സർക്കാരിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായോ, മുന്നറിയിപ്പുകൾ എങ്ങനെ കൈകാര്യം ചെയ്തു, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ തുടങ്ങിയ കാര്യങ്ങളെല്ലാം തീർച്ചയായും പിന്നീട് ചർച്ച ചെയ്യാവുന്നതാണെന്നും അതിനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും എന്നാൽ അതിനുള്ള സമയം ഇതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കി, നിലവിലെ വീഴ്ചകളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ചില യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തി ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം, ഈ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വീഴ്ചകളും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൃത്യമായി പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക