
തിരുവനന്തപുരം: തലസ്ഥാന ജില്ലയ്ക്ക് രണ്ടാം മെഡിക്കൽ കോളേജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം തന്നെ പ്രവേശനം നടത്താനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പദ്ധതികളുടെ അവലോകനത്തിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ ഈ സുപ്രധാന ആവശ്യം ശക്തമായി ഉന്നയിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും നിലവിൽ സജ്ജമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ മെഡിക്കൽ കോളേജിനായി മുൻപ് നിശ്ചയിച്ച 150 കോടി രൂപയുടെ കേന്ദ്രസഹായം എത്രയും വേഗം അനുവദിച്ച് ഉത്തരവാകണമെന്ന് മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ യോഗത്തിൽ ഉറപ്പുനൽകി. രാജ്യത്തുടനീളം പതിനായിരത്തോളം പുതിയ മെഡിക്കൽ സീറ്റുകൾ സജ്ജമാക്കുന്നതിനായി 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും, കേരളത്തിന്റെ മെഡിക്കൽ കോളേജ് ആവശ്യം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി അനുമതി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. എയിംസിനായി സംസ്ഥാനത്ത് അനുയോജ്യമായ 10 സ്ഥലങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും, കേന്ദ്രസംഘത്തിന്റെ സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം അന്തിമമായി തീരുമാനിച്ച് അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഈ ആവശ്യം തികച്ചും ന്യായമാണെന്ന് അംഗീകരിച്ച കേന്ദ്രമന്ത്രി ജെ.പി. നദ്ദ, ആവശ്യമായ നടപടികൾ പൂർത്തിയാക്കി എയിംസ് അനുവദിക്കുമെന്നും ഉറപ്പുനൽകി. ഇതിനൊപ്പം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ വികസന പദ്ധതികൾക്കായുള്ള പ്രത്യേക കേന്ദ്രസഹായവും ആരോഗ്യവകുപ്പ് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.