Image

'വയനാടിനൊപ്പം ഞങ്ങളുണ്ടാകും, പ്രതിസന്ധികളെ തോൽപ്പിച്ച ചരിത്രമാണ് വയനാടിന്റേത്'; ദുരന്തഭൂമിക്ക് കാവലായി രാഹുലും പ്രിയങ്കയും

Published on 07 July, 2026
'വയനാടിനൊപ്പം ഞങ്ങളുണ്ടാകും, പ്രതിസന്ധികളെ തോൽപ്പിച്ച ചരിത്രമാണ് വയനാടിന്റേത്'; ദുരന്തഭൂമിക്ക് കാവലായി രാഹുലും പ്രിയങ്കയും

​ദില്ലി: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവും മുൻ വയനാട് എം പിയുമായ രാഹുൽ ഗാന്ധിയും വയനാട് എം പി പ്രിയങ്ക ഗാന്ധിയും അഗാധമായ ദുഃഖവും ആധിയും രേഖപ്പെടുത്തി. ദുരന്ത വാർത്തകൾ തന്നെ ആഴത്തിൽ വേദനിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുരന്തബാധിതരായ എല്ലാവർക്കുമൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ചരിത്രമാണ് വയനാടിനുള്ളതെന്നും, ഈ വൻ ദുരന്തത്തിലും ഓരോ കുടുംബത്തിനും ഒപ്പം താൻ ഉറച്ചുനിൽക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

​ഭരണകൂടത്തിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യു ഡി എഫ് പ്രവർത്തകരോടും പൊതുജനങ്ങളോടും വയനാട് എം പി പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാത്ത രീതിയിൽ വേണം സഹായങ്ങൾ എത്തിക്കാനെന്നും ഈ ഭയാനകമായ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

​നിലവിൽ മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്രയും വേഗം എത്തിച്ചേരാനുള്ള സജീവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പൊലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ട്. തിരുവനന്തപുരത്തുനിന്ന് ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, ജില്ലാ ഭരണകൂടം, പ്രാദേശിക പാർട്ടി പ്രവർത്തകർ, മറ്റ് ഏജൻസികൾ എന്നിവരുമായി ചേർന്ന് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. ഈ പ്രയാസകരമായ സമയത്ത് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകർ അടിയന്തരമായി രംഗത്തിറങ്ങണമെന്ന് രാഹുൽ ഗാന്ധിയും അഭ്യർത്ഥിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക