
ഫിഫ വേൾഡ് കപ്പിൽ ഏറ്റവുമധികം ഗോളടിച്ചവർ നേടുന്ന ഗോൾഡൻ ബൂട്ടിനു മുന്നിൽ നിൽക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പയെ വംശീയമായി അധിക്ഷേപിച്ച പാരഗ്വ സെനറ്ററുടെ സമീപനത്തെ അംഗീകരിക്കുന്നില്ലെന്നു പരാഗ്വ വ്യക്തമാക്കി.
സെനറ്റർ സെലെസ്റ്റെ അമാരിയ നടത്തിയ പരാമർശങ്ങളെ എക്‌സിൽ വിമർശിച്ച പാരഗ്വ വിദേശകാര്യ വകുപ്പ് അതുമായി രാജ്യത്തിനു ബന്ധമില്ലെന്നു വ്യക്തമാക്കി.
എംബാപ്പെയുടെ ഏക ഗോളിൽ തോറ്റു ശനിയാഴ്ച സൗത്ത് അമേരിക്കൻ രാജ്യം പുറത്തായതിനു പിന്നാലെയാണ് അമാരിയ ഉറഞ്ഞു തുള്ളിയത്. കാമറൂൺ വംശജനായ ഫ്രഞ്ച് ക്യാപ്റ്റൻ യൂറോപ്യൻ കോളനി വാഴ്ചയുടെ സന്തതി ആണെന്നു അവർ അധിക്ഷേപിച്ചപ്പോൾ സെനറ്റർ നഗ്നമായ വംശീയ വിദ്വേഷം വിളമ്പുന്നുവെന്നു എംബാപ്പെ തിരിച്ചടിച്ചു. "അറപ്പുളവാക്കുന്ന വംശീയ വിദ്വേഷി" എന്നദ്ദേഹം അവരെ വിളിച്ചു.
അമാരിയക്കെതിരെ നിയമനടപടി എടുക്കുമെന്നു ഫ്രഞ്ച് ഫുട്‍ബോൾ അസോസിയേഷൻ പറഞ്ഞു.
ഓതെന്റിക് റാഡിക്കൽ ലിബറൽ പാർട്ടി അംഗമായ അമരിയ (61) നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ എംബാപെയ്‌ക്കെതിരെ വംശീയ വിദ്വേഷം ചൊരിഞ്ഞു. എംബാപെയുടെ ചിത്രങ്ങൾ ചേർത്ത പോസ്റ്റുകളിൽ അദ്ദേഹത്തിന്റെ സ്വന്തം നാടായ കാമറൂൺ അപരിഷ്കൃതമാണെന്ന് അധിക്ഷേപിക്കയും അദ്ദേഹം ഫ്രഞ്ചുകാരൻ ആണെന്നു ഭാവിക്കാൻ ശ്രമിച്ചിട്ടു നടക്കുന്നില്ലെന്നു വരെ പറഞ്ഞു വയ്ക്കുകയും ചെയ്തു.
2018 വേൾഡ് കപ്പിൽ ക്രോയേഷ്യക്കെതിരെ വിജയ ഗോൾ നേടിയ അന്നത്തെ 19കാരൻ എംബാപെ അഹങ്കാരിയും വിരൂപനുമാണെന്നു പറയാനും സെനറ്റർ മടിച്ചില്ല.
കളിയിൽ ഉടനീളം അദ്ദേഹം ഭയവും ബലം പിടിത്തവും പ്രകടമാക്കിയെന്നു അവർ പറഞ്ഞു. "ഫ്രഞ്ച് ടീം മൊത്തത്തിൽ അങ്ങിനെ ആയിരുന്നു. അവർക്കു ഗോളടിക്കാൻ കഴിഞ്ഞില്ല, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്."
എംബാപെ മുലപ്പാൽ കുടിച്ചിട്ടില്ലെന്നും തേങ്ങാ നീരാണ് കുടിച്ചതെന്നും കണ്ടു പിടിത്തം നടത്തി അമരിയ. "ആ മൃഗം എഴുതാൻ പഠിച്ചില്ല. അയാൾ അറിയുന്ന ഏറ്റവും വിദ്യാഭ്യാസമുള്ളവർ ചിമ്പാൻസികൾ ആയിരുന്നു."
നിങ്ങൾ വൃത്തികെട്ട സ്ത്രീയാണ്
മറുപടിയിൽ എംബാപെ എക്‌സിൽ കുറിച്ചു: "സെലെസ്റ്റെ അമരിയ, നിങ്ങൾ വൃത്തികെട്ട സ്ത്രീയാണ്. നിങ്ങൾക്ക് ആ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ല.
"ടൂർണമെന്റിൽ ഉടനീളം തികഞ്ഞ ആവേശവും മര്യാദയും കാട്ടിയ പാരഗ്വയുടെ പ്രതിനിധിയല്ല നിങ്ങൾ. നിങ്ങളുടെ നഗ്നമായ വംശീയ വിദ്വേഷം മൂലം നിങ്ങളുടെ കളിക്കാർ നടത്തിയ ചരിത്രം സൃഷ്ടിച്ച പോരാട്ടം പോലും ലോകം മറന്നു. സ്വന്തം നാടിനെ ഏറ്റവും കരി തേച്ച സ്ത്രീ പരാഗ്വയുടെ പ്രതിച്ഛായയായി മാറാൻ ശ്രമിക്കയാണ്."
പെട്ടെന്നുണ്ടായ രോഷത്തിലാണ് ആക്ഷേപം ഉന്നയിച്ചതെന്നു സമ്മതിച്ചു അമരിയ എക്‌സിൽ നിന്നു പോസ്റ്റ് പിൻവലിച്ചെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല. തന്റെ സിരകളിൽ സ്പാനിഷ് രക്തമാണ് ഉള്ളതെന്നു പറയാൻ അവർ മടിച്ചില്ല. എംബാപ്പെ തന്റെ കുറിപ്പ് പിൻവലിച്ചു മാപ്പു ചോദിക്കണം എന്നാണ് അവരുടെ പുതിയ ആവശ്യം. "ഞാൻ ആരാണെന്നു നിങ്ങൾക്കറിയില്ല," അവർ പറഞ്ഞു. "എന്നെ ആക്രമിക്കാൻ നിങ്ങൾക്കു യോഗ്യതയില്ല. നിങ്ങൾ മാപ്പു ചോദിച്ചെ തീരൂ."
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർ എംബാപെയ്ക്കു പിന്തുണ നൽകി. മാക്രോ എക്‌സിൽ കുറിച്ചു: "എംബാപെ വീണ്ടും ഗോളടിച്ചു. ഇക്കുറി വംശീയ വിദ്വേഷത്തിനെതിരെ. എന്റെ എല്ലാ പിന്തുണയും. വാക്കുകൾ മുറിവേല്പിക്കുമ്പോള് ഞങ്ങളുടെ മൂല്യങ്ങൾ പ്രതികരിക്കുന്നു: അന്തസ്, ആദരം, കൂട്ടായ്‌മ."
Mbappe gets wide support vs Paraguay senator