Image

ഓടുമ്പോൾ കാലുകൾ കുഴഞ്ഞുപോയി , ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല; നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ

Published on 07 July, 2026
ഓടുമ്പോൾ  കാലുകൾ കുഴഞ്ഞുപോയി , ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല; നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ

കൽപ്പറ്റ ; വയനാട് കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. തങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് അവർക്ക് വിശ്വാസിക്കാനാവുന്നില്ല. മീനാക്ഷിപുരം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തമിഴ് സ്വദേശികളായ കൂടമ്മാളും ഭർത്താവ് ബൽരാജുമാണ് കുത്തിയൊലിച്ചെത്തിയ മണ്ണിലും വെള്ളത്തിലും നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ട് പേർ. ഇവർ ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് ദുരന്തത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ കാണാം.  ബാങ്കിലേക്ക് പോകുന്നതിനായി ബസ് കയറാൻ നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അൽപ നേരം കൂടി ബസ് സ്റ്റോപ്പിൽ നിന്നിരുന്നുവെങ്കിൽ ജീവൻ പോയെനെയെന്ന് കൂടമ്മാൾ പറയുന്നു.

എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല. മണ്ണും വെള്ളവും കൂടി കുത്തിയൊലിച്ചു വരുന്നതു കണ്ടാണ് ഓടിയത്. കാലുകൾ കുഴഞ്ഞു പോകുകയായിരുന്നു. ഓടിയിട്ട് എത്താത്ത അവസ്ഥയായിരുന്നുവെന്നും കൂടമ്മാൾ. കുത്തിയൊലിച്ചു വരുന്ന മണ്ണിന്‍റെ ശക്തിയിൽ ഒരു ടാങ്കർ ലോറി ഉൾപ്പെടെ ഒലിച്ചു വരുന്നുണ്ട്.

ടാങ്കർ ലോറിയുടെ അടിയിൽ നിന്നാണ് കൂടമ്മാളിനെ ഭർത്താവ് വലിച്ചെടുത്തു പുറത്തേക്ക് കൊണ്ടു പോകുന്നത്. ഇരുവർക്കും കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ല.

മലവെള്ളപ്പാച്ചിലിനൊപ്പം വൻതോതിൽ മണ്ണും കല്ലും കുത്തിയൊലിച്ചു വന്നപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന നിർമ്മാണത്തൊഴിലാളികളുടെ ബസും ടാങ്കർ ലോറിയും നിമിഷനേരം കൊണ്ട് ഒലിച്ചുപോകുകയായിരുന്നു. 

ലോറിക്കടിയിൽ പെട്ടും മലവെള്ളത്തിൽ ഒഴുകിപ്പോയും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് കൂറമ്മാളും ബൽരാജും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക