Image

ഗാസ ഭരണകൂടം ഹമാസ് പിരിച്ചു വിട്ടു; ആയുധം വയ്ക്കുന്നതിനെ കുറിച്ചു മൗനം (പിപിഎം)

Published on 07 July, 2026
 ഗാസ ഭരണകൂടം ഹമാസ് പിരിച്ചു വിട്ടു; ആയുധം വയ്ക്കുന്നതിനെ കുറിച്ചു മൗനം (പിപിഎം)

ഗാസയിലെ ഭരണകൂടം പിരിച്ചു വിട്ടതായി ഹമാസ് പ്രഖ്യാപിച്ചു. ഭരണ നിയന്ത്രണം 'നാഷനൽ കമ്മിറ്റി ഫോർ അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ' എന്ന ടെക്നോക്രറ്റുകളുടെ സമിതിക്കു കൈമാറുകയാണ്.

വെടിനിർത്തൽ നടപ്പാക്കാൻ ഹമാസിന്റെ ഭരണ ചുമതല തടസ്സമാവുന്നു എന്ന ഇസ്രയേലിന്റെ വാദം പൊളിക്കാനാണ് ഈ നടപടിയെന്നു ഹമാസ് വക്താവ് ഹസീം കാസിം പറഞ്ഞു. ഇനി മധ്യസ്ഥരും യുഎസും വാക്കു പാലിച്ചു നടപടികൾ എടുക്കണം.

എന്നാൽ ഹമാസ് ആയുധങ്ങൾ അടിയറ വയ്ക്കണം എന്ന ആവശ്യത്തെ കുറിച്ചു സംഘടന മിണ്ടിയിട്ടില്ല.

ഗാസ മീഡിയ ഓഫിസ് മേധാവി ഇസ്‌മയിൽ തവാബ്തെ പറഞ്ഞു: ഉത്തരവാദിത്തം കൈമാറാൻ ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും സർക്കാർ സ്ഥാപനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പലസ്തീനിയൻ വിഭാഗങ്ങളെയും ഗോത്രങ്ങളെയും സമൂഹത്തെയും യുഎൻ നിരീക്ഷകനെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. 

സുഗമമായ കൈമാറ്റത്തിനു ആഗ്രഹിക്കുന്ന ഹമാസ് ഒരു ശൂന്യത ഉണ്ടാവാൻ പാടില്ലെന്നു തിരിച്ചറിയുകയും ചെയ്യുന്നു.

കൈമാറ്റത്തിനു മുന്നോടിയായി ഗവൺമെന്റ് എമെർജെൻസി കമ്മിറ്റി മേധാവി മുഹമ്മദ് അബ്ദുൽ ഖലീഫ അൽ ഫറ രാജിവച്ചൊഴിഞ്ഞു. ആ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു.

വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഈ പ്രഖ്യാപനം. സ്ഥിരം വെടിനിർത്തൽ, ഇസ്രയേലി പിന്മാറ്റം, പുനർ നിർമാണം എന്നിവയാണ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.

ഹമാസിന്റെ ഭാവി, ഇസ്രയേലിന്റെ പിന്മാറ്റം എന്നീ വിഷയങ്ങളിൽ അനിശിചിതത്വം നിലനിൽക്കുന്നുണ്ട്.

Hamas dissolves Gaza administration 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക