
2026 ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കയുടെ പോരാട്ടം കണ്ണീരോടെ അവസാനിച്ചു. സിയാറ്റിലിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുഎസിനെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കരുത്തരായ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബെൽജിയത്തിനായി ഒൻപതാം മിനിറ്റിലും 39-ാം മിനിറ്റിലും ഗോൾ നേടി ചാർലസ് ഡി കെറ്റെലെയറെ മിന്നും പ്രകടനം കാഴ്ചവെച്ചു. 37-ാം മിനിറ്റിൽ മാലിക് ടിൽമാനിലൂടെ യുഎസ് ഒരു ഗോൾ മടക്കിയെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളും ഗോൾകീപ്പർ മാറ്റ് ഫ്രീസിന്റെ ഗുരുതരമായ പിഴവുകളും അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഹാൻസ് വനാകെൻ (57'), റൊമേലു ലുകാകു (ഇഞ്ചുറി ടൈം) എന്നിവരും ബെൽജിയത്തിനായി ലക്ഷ്യം കണ്ടു.
മത്സരത്തിനിടെ അമേരിക്കയുടെ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ചിന് പരിക്കേറ്റ് കളം വിടേണ്ടി വന്നതും യുഎസിന്റെ തിരിച്ചുവരവ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടതോടെ കനത്ത നിരാശയോടെയാണ് അമേരിക്കൻ ടീം ടൂർണമെന്റിൽ നിന്ന് മടങ്ങുന്നത്.
യുഎസ് ഫുട്‍ബോൾ താരം ഫോളറിൻ ബലോഗനു ബോസ്‌നിയയുമായുള്ള മത്സരത്തിൽ ലഭിച്ച റെഡ് കാർഡ് അവഗണിച്ചു അദ്ദേഹത്തെ തിങ്കളാഴ്ച്ച ബെൽജിയത്തിനു എതിരെ കളിക്കാൻ അനുമതി നൽകിയതു ചോദ്യം ചെയ്‌തു ബെൽജിയം നൽകിയ അപ്പീൽ ഫിഫ തള്ളി.
ടൂർണമെന്റിന്റെ നടപടി ക്രമങ്ങളിൽ റോയൽ ബെൽജിയൻ ഫുട്‍ബോൾ അസോസിയേഷനു പങ്കാളിത്തം ഇല്ലെന്നും അതു കൊണ്ട് അവർ നൽകിയ അപ്പീൽ സ്വീകരിക്കാൻ കഴിയില്ലെന്നും ഫിഫ വ്യക്തമാക്കി.
പിന്നീട് നടന്ന മത്സരത്തിൽ ബെൽജിയം ഒന്നിനെതിരെ നാലു ഗോളുകൾക്കു യുഎസ്എയെ തകർത്തു. ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന വർഷത്തിൽ പതിവ് പോലെ ക്വാർട്ടറിൽ പോലും എത്താതെയാണ് യുഎസ്എ പുറത്താകുന്നത്.
ബലോഗന്റെ വിലക്കു നീക്കാൻ പ്രസിഡന്റ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയെ വിളിച്ചു എന്ന രാഷ്ട്രീയ വിവാദം അതിനിടെ ആളിക്കത്തുന്നുണ്ട്. ഫിഫ ചട്ടങ്ങൾ അനുസരിച്ചു റെഡ് കാർഡ് കിട്ടുന്ന കളിക്കാരന് അടുത്ത മത്സരത്തിൽ ഇറങ്ങാൻ പറ്റില്ല. അതിന്റെ ലംഘനം ട്രംപിന്റെ ഇടപെടൽ മൂലമാണ് ഉണ്ടായതെന്ന ആരോപണം ശക്തമായി നിൽക്കെ തന്നെയാണ് കളിയിൽ അദ്ദേഹത്തിന്റെ ടീം മൂക്കു കുത്തി വീണത്.
FIFA rejects Belgium appeal but USMNT loses miserably