Image

വിരമിച്ച ശേഷവും ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Published on 06 July, 2026
വിരമിച്ച ശേഷവും ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തില്‍ ജൂലൈ 31നകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം. സംഭവത്തിൽ സര്‍ക്കാറിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

നേരത്തെ ടോമിൻ തച്ചങ്കരിയുടെ നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിരുന്നു. പിഴത്തുക ഉടൻ തന്നെ തച്ചങ്കരി അടക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ഡിജിപിയുടെ നക്ഷത്രചിഹ്നം വെച്ച കാറില്‍ ടോമിന്‍ തച്ചങ്കരി സഞ്ചരിച്ച സംഭവത്തില്‍, എംവിഡി പിഴ ഈടാക്കിയതിനാല്‍ ഇനി കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്ര വച്ച് ടോമിന്‍ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നമ്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക