Image

വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കും: ശേഷിക്കുന്നവ ഡിസംബറോടെ; മന്ത്രി ടി സിദ്ദീഖ്

Published on 06 July, 2026
വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കും: ശേഷിക്കുന്നവ ഡിസംബറോടെ; മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 157 വീടുകൾ വരുന്ന സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കൽപ്പറ്റ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ടൗൺഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ്, ശുചിമുറികൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കളിസ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ടൗൺഷിപ്പ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തും കൽപ്പറ്റ നഗരത്തിലും രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി വലിയൊരു ബൃഹദ് പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി.മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശത്തെ കാർഷിക ഭൂമി പുനഃക്രമീകരിച്ചു നൽകുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക