
ആരോഗ്യ വകുപ്പിലെ വിവിധ അനാസ്ഥകളെയും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്ത് വർഷത്തെ മുഴുവൻ പർച്ചേസുകളെയും കുറിച്ച് വിശദമായി പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് അടിയന്തര ഉത്തരവിറക്കി.
കടുത്ത അഴിമതി ആരോപണങ്ങൾ ഉയർന്ന കൊവിഡ് കാലത്തെ ഇടപാടുകളും ഈ പർച്ചേസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സമിതി വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. വകുപ്പിൽ നടന്നിട്ടുള്ള ക്രമക്കേടുകളിൽ കുറ്റക്കാരായവരെ കൃത്യമായി കണ്ടെത്തണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പിൽ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാൻ്റുകൾ, ജനറേറ്ററുകൾ എന്നിവയും പ്ലാൻ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മീഷൻ ചെയ്യാതെയും കിടക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ചിലയിടങ്ങളിൽ കൃത്യമായി പരിപാലിക്കാത്തിനാൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ സർക്കാരിന് സാമ്പത്തിക നഷ്ടത്തിനും പൊതുമുതൽ പാഴാകുന്നതിനും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കപ്പെടുന്നതിനും കാരണമാകും.
അടുത്തിടെ വയനാട് സർക്കാർ മെഡിക്കൽ കോളജിൽ നടത്തിയ സന്ദർശനത്തിനിടെ മൊബൈൽ മോർച്ചറി ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള നിരവധി മെഡിക്കൽ ഉപകരണങ്ങൾ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങൾ സംസ്ഥാനത്തെ മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.