
പാലക്കാട്: മുൻ സിപിഎം നേതാവ് പി.കെ. ശശി സിഎംപിയിൽ ചേർന്നു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ശശി സിപിഎം വിട്ടത്. തുടർന്ന് തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തിരുന്നു. ഡെമോക്രാറ്റിക് മാർകിസ്റ്റ് പാർട്ടി (ഡിഎംഫ്) എന്ന പേരിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചാണ് ശശി മത്സരിച്ചത്.
തിങ്കളാഴ്ച പാലക്കാട് നടന്ന ഡിഎംഎഫിന്‍റെ കൺവെൻഷനിൽ വച്ചാണ് സിഎംപിയിൽ ലയിക്കാൻ ശശിയുടെ പാർട്ടി തീരുമാനിച്ചത്. ഇതോടെയാണ് ശശി സിഎംപിയിൽ എത്തിയത്.
ഗതാഗത മന്ത്രിയും സിഎംപി നേതാവുമായ സി.പി. ജോണും കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ശശിയെ പാർട്ടിയുടെ സെക്രട്ടറിയായി നിയമിക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ സി.പി. ജോൺ പറഞ്ഞു. ജൂലൈ 27ന് തൃശൂരിൽ നടക്കുന്ന സിഎംപിയുടെ 40ാം സ്ഥാപക ദിനത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിൽ നിന്ന് കൂടുതൽ നേതാക്കൾ സിഎംപിയിലേക്ക് എത്തുമെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.