
എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യു കേസിൽ വിചാരണയക്ക് മുൻപ് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. എസ് ഡി പി ഐ പോപ്പുലർ പ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായത്.
പൊലീസ് ആരോപിച്ച കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു.
പിന്നാീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.