
യുഡിഎഫിന് പിന്തുണ നൽകുന്നതിനെതിരെ ക്രൈസ്തവ സഭകൾക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. യുഡിഎഫിന് ഫിക്സഡ് ഡിപ്പോസിറ്റ് നൽകിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുതെന്ന് ജിജി ജോസഫ് വിമർശിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്ന് തുറന്നടിച്ചുകൊണ്ടാണ് ജിജി ജോസഫിന്റെ പ്രസ്താവന. നിങ്ങൾ ഏത് ബാങ്കിലാണോ ഫിക്സഡ് ഡിപോസിറ്റ് ഇടുന്നത് അവരോട് പോയി പലിശ ചോദിക്കണം. ഹിന്ദുത്വ വിശ്വാസവുമായി മുന്നോട്ടുപോകുന്ന തങ്ങളോടൊപ്പം നിൽക്കുന്ന ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജിജി ജോസഫ് പറഞ്ഞു.
എഫ്സിആർഎ നിയമത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സഭകൾ യുഡിഎഫിന്റെ ഘടകകക്ഷികളോട് പെരുമാറിയെന്ന രൂക്ഷ വിമർശനമാണ് വരുന്നത്. ബിജെപിയിൽ അക്കൗണ്ട് തുറക്കാം പക്ഷേ അത് സീറോ ബാലൻസ് ആക്കൗണ്ട് ആകണമെന്നാണ് ജിജി ജോസഫ് പറയുന്നത്.
ബിജെപി നേതാക്കൾ പിന്തുണയുമായി സന്ദർശിക്കുന്ന സമയത്തെല്ലാം കശുവണ്ടിയും ബദാമും ചിപ്സുമൊക്കെ നൽകും. എന്നാൽ വോട്ട് വെറെ കൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മീയ കുപ്പായമിട്ട രാഷ്ട്രീയക്കാരെ തിരിച്ചറിയണം. സഭാനേതൃത്വത്തിന്റെയല്ല, സഭാവിശ്വാസികളുടെ പിന്തുണയാണ് നേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.