
രാജീവൻ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ വനജയെ ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. അയാൾ അവളുടെ ബെഡിൻറെ അരികിലായി ഇരുന്നു. തലയിലെ വലിയ ബാൻഡേജ് മാറ്റാൻ ദിവസങ്ങൾ എടുക്കും എന്ന് അയാൾ ഊഹിച്ചു.
'ഓഫീസിൽ പോകേണ്ടേ?' വനജ ചോദിച്ചു.
'ഏയ്. ഇന്ന് ഇവിടെ നിൻറെ കൂടെ നിൽക്കാം…’
'പൊയ്ക്കോളൂ രാജീവാ. ഐ ഫീൽ മച് ബെറ്റർ. ആനുവൽ മീറ്റിംഗ് വരികയല്ലേ? ഓഫീസിൽ നിന്ന് മാറി നിൽക്കേണ്ട...' വനജ പറഞ്ഞു.
'അതിനു ഈ വരുന്ന മീറ്റിംഗ് അജണ്ടയിൽ വലിയ കാര്യങ്ങൾ ഒന്നും ഇല്ല. കുറെ യന്ത്രസാമഗ്രികൾ വാങ്ങുന്നതിൻറെ കണക്കുകൾ, ഓഡിറ്റ് റിപ്പോർട് മുതലായ വെറും സാധാരണ വിഷയങ്ങൾ.'
'ഇവിടെ ഐ ആം ഫൈൻ. അതുമല്ല മമ്മാ ഇപ്പോൾ വരുമല്ലോ. രാജീവൻ പൊയ്ക്കോളൂ...' വനജ പറഞ്ഞു.
'പറയാൻ മറന്നു. ബാലു വിളിച്ചിരുന്നു. പൊലീസിന് പറമ്പിൽ നിന്നും ഒരു ഹെയർ ബാൻഡ് കിട്ടി. അത് നിന്റേത് ആണോ എന്ന് ചോദിയ്ക്കാൻ പറഞ്ഞിരുന്നു’
'ഹെയർ ബാൻഡോ? ഏയ്... ഞാൻ ഉപയോഗിക്കാറില്ല.'
'ഈ ബാഡ്മിന്റനും ടെന്നീസും കളിക്കുന്നവർ മുടി കണ്ണിലേക്കു വീഴാതെ... പണ്ട് വത്സ ഇടുമായിരുന്നു.' രാജീവൻ പറഞ്ഞു. വത്സ എന്ന പേര് കേട്ടപ്പോൾ വനജ ചെവി കൂർപ്പിച്ചു.
ആരോ വാതിലിൽ മുട്ടി. രാജീവൻ എഴുനേറ്റു ചെന്ന് വാതിൽ തുറന്നു. എബിയായിരുന്നു അത്..
'എബിയോ?' രാജീവ് അദ്ഭുതത്തോടെ ചോദിച്ചു.
'വരൂ..'
എബി മുറിയ്ക്കകത്തേയ്ക്ക് കയറി.
'രാജീവ്, എനിക്ക് നേരത്തേ വരാൻ കഴിഞ്ഞില്ല. '
'ഏയ്... അതിനെന്താ. നീ ബിസിയാണെന്നു ഞങ്ങൾക്കറിയാമല്ലോ .'
രാജീവൻ മറുപടി പറഞ്ഞു.
'ഡോക്ടർ എന്ത് പറഞ്ഞു?' എബി ബെഡിനടുത്തേക്ക് ചെന്ന് വനജയോട് ചോദിച്ചു.
'നാളെ ഇവിടെ നിന്നും പോകാം. പിന്നെ വൂണ്ട് ഡ്രസ് ചെയ്യാൻ വന്നാൽ മതി.' വനജ പറഞ്ഞു.
'ഉം... ഡോക്ടർ മധുപാൽ അല്ലേ? എൻറെ ക്ലാസ്മേറ്റ് ആണ്.'
'അറിയാം. അയാൾ പറഞ്ഞു. നിന്നെ കണ്ടിട്ട് ഒരുപാട് നാളായെന്നും....' രാജീവൻ പറഞ്ഞു
'എന്താ പഴയ കൂട്ടുകാരെയൊക്കെ വേണ്ടെന്നു വെച്ചോ?' എന്നൊരു ചോദ്യം രാജീവൻറെയും എബിയുടെയും മനസിലൊന്നുപോലെ ഉയർന്നു.
ഒരുപാടു നാളുകൾ കൂടിയായിരുന്നു രാജീവൻ എബിയെ കാണുന്നത്. വിവാഹശേഷം ബീനയെയും കൂട്ടി രാജീവൻറെ വീട്ടിലേക്കു വിരുന്നിനു വന്ന ശേഷം അയാൾ എബിയെ കണ്ടിരുന്നതേയില്ല.
വത്സ അവൾക്കിഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു എന്നത് തങ്ങളുടെ ചങ്ങാത്തത്തിന് വിള്ളലുകൾ ഏല്പിക്കാൻ അനുവദിക്കരുതായിരുന്നു, രാജീവൻ ഓർത്തു. ആരും ആരും ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും രണ്ടു കുടുംബങ്ങളും ഒരുപോലെ ആഗ്രഹിച്ചിരുന്നതാണ് എബിയും വത്സയും തമ്മിലുള്ള വിവാഹം. ആരെയുംകാൾ കൂടുതൽ പപ്പാ അത് ആഗ്രഹിച്ചിരുന്നു എന്ന് രാജീവന് അറിയാമായിരുന്നു. അവൾ സോമനോടൊപ്പം പോയപ്പോൾ പിന്നെ അവരെ അഭിമുഖീകരിക്കാൻ അല്പം ജാള്യത തോന്നുകയും ചെയ്തിരുന്നു.
എബിയും അത് തന്നെയാണ് ഓർത്തിരുന്നത്. ദിവസം രണ്ടും, മൂന്നും പ്രാവശ്യം തമ്മിൽ കണ്ടിരുന്നവരാണ്. വിവാഹം, ജോലി, എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയത്.... ശരിയാണ്, വത്സ വിട്ടു പോയപ്പോൾ ദുഃഖം തോന്നിയിരുന്നു. പക്ഷെ, അതിനു രാജീവനോട് അകലം വെച്ചത് ശരിയായില്ല. പാടില്ലായിരുന്നു... പഴയ സുഹൃത്ബന്ധം കൈവിട്ടു കളയാൻ പാടില്ലായിരുന്നു.
അതിനും പുറമെയാണ്, വനജയ്ക്ക് നേരെ ബീന ഉന്നയിച്ച ആരോപണം. അന്ന് തന്നെ വന്ന് തെറ്റിദ്ധരിക്കരുത് എന്ന് പറയണമായിരുന്നു. ഇനിയും പറയാതിരുന്നു കൂടാ. ഈ രണ്ടു വീടുകൾ തമ്മിൽ ഉണ്ടായിപ്പോയ അകലം ഇനിയും കൂട്ടാൻ പാടില്ല .
എബി മുരടനക്കി.
'എനിക്ക് നിങ്ങളോടു രണ്ടുപേരോടുമായി ചിലതു പറയാനുണ്ട്. എങ്ങനെയാണു പറയേണ്ടത് എന്നറിയാതെ വിഷമിക്കയായിരുന്നു ഞാൻ.'
'എന്താ എബി… എന്തിനാ ഇങ്ങനെ ഒരു മുഖവുര? ഗോ എഹെഡ്' രാജീവൻ പറഞ്ഞു.
'ബീനയുടെ പ്രോബ്ലെംസ്... നിങ്ങൾക്ക് അറിയാമല്ലോ. ഈ കഴിഞ്ഞ ഒരു ദിവസം വീട്ടിൽ വെച്ച്...'
'ഓ അതാണോ? സാരമില്ല. ബീന തെറ്റിദ്ധരിച്ചതാവും.'
'ഉം. ബീനയുടെ ബാക്ഗ്രൗണ്ട്… അവൾക്കുണ്ടായ ഇൽനെസ്... നിങ്ങൾക്ക് കാര്യങ്ങൾ എല്ലാം അറിയാമെന്നു തോന്നുന്നില്ല.’
എബി ഒന്ന് നിർത്തി. രാജീവനും വനജയും അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
എബി തുടർന്നു: ‘ബീനയുടെ അമ്മ ഉറക്കഗുളിക ഓവർഡോസ് കഴിച്ചാണ് മരിച്ചത് എന്ന് നിങ്ങൾ കേട്ടിരിക്കുമല്ലോ... അതിൻറെ പിന്നിൽ ചില കഥകളുണ്ട്'
'കുറച്ചൊക്കെ കേട്ടിട്ടുണ്ട്. ബീനയുടെ ഫാദറിന് ഏതോ ഡാൻസറുമായി അടുപ്പം.'
'യെസ്. അത് തന്നെ. ബീനയെ ആറോ ഏഴോ വയസു മുതൽ ഡാൻസ് പഠിപ്പിക്കാൻ വന്നിരുന്ന ടീച്ചറാണ് നായിക. ബീനയ്ക്കു വല്ലാത്ത ഒരു അടുപ്പമുണ്ടായിരുന്നു അവരോട്. അവരെ അമ്മ പിരിച്ചയച്ചിട്ടും വല്ലാതെ ബഹളം കൂട്ടി അവരെ തിരിച്ചു വിളിപ്പിക്കുന്നതു പോലെയുള്ള അടുപ്പം. അവൾ കുട്ടിയല്ലേ, ഒന്നും മനസ്സിലാക്കിയിരുന്നില്ല. ടീച്ചറെ പിരിച്ചയച്ചതും, ബീനയെ ബോർഡിങ്ങിൽ ആക്കിയതും ഒക്കെ കുടുംബം രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമങ്ങളായിരുന്നു എന്നൊന്നും മനസിലാക്കുനുള്ള പ്രായം ബീനയ്ക്കില്ലായിരുന്നു. അമ്മയെ ശത്രുവായിട്ടാണ് അന്നൊക്കെ അവൾ കണ്ടത് '
'ബീനയാണ് അമ്മയുടെ ബോഡി ആദ്യം കണ്ടത്. അന്ന് അവൾക്കു പതിനഞ്ചു വയസു പ്രായം. അപ്പോഴും ശരീരത്തിന് ചൂടുണ്ടായിരുന്നു എന്നാണ് അവൾ എന്നോട് പറഞ്ഞത്. ആ മുറിയിലെ ടി വി ഓണായിരുന്നു. അതിൽ ഏതോ നൃത്ത പരിപാടിയും. ബീനയുടെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു നൃത്തം. ആ ഇഷ്ടമാണ് അവരെ കൊന്നതെന്ന് ബീന പറയും. അമ്മയെ മനസിലാക്കാൻ കഴിഞ്ഞില്ല, അമ്മയെ സപ്പോർട് ചെയ്യാൻ കഴിഞ്ഞില്ല, അമ്മയുടെ മരണത്തിനു താനും ഉത്തരവാദിയാണ് എന്നും മറ്റുമുള്ള കുറ്റബോധം ആണ് അവളെ കടുത്ത ഡിപ്രഷനിലേക്കു തള്ളിവിട്ടത്’
'നീ ഇതൊക്കെ ഇപ്പോൾ പറയാൻ...?’
'ബീനയ്ക്കു വനജ എന്തോ ഒബ്സെഷൻ പോലെയാണെന്ന് സുമചേച്ചി പറയാറുണ്ട്. നിങ്ങളുടെ കാര്യങ്ങൾ പ്രത്യേകിച്ച് വനജയെക്കുറിച്ചു വളരെ സ്ട്രെയ്ഞ്ചു ക്വസ്റ്റിൻസ് ചോദിച്ചിട്ടുണ്ടെന്ന്'.
'എന്ന് വെച്ചാൽ..?
‘പേർസണൽ സ്റ്റഫ്. എവിടെയാ പഠിച്ചത്? നൃത്തം പഠിച്ചതാണോ? ആരാണ് ഫ്രണ്ട്സ്... നൃത്തത്തെയും, നർത്തകികളെയും അവൾ വല്ലാതെ വെറുത്തു പോയി'
'എബി എന്താ പറഞ്ഞു വരുന്നത്?' രാജീവൻ ഉദ്വേഗത്തോടെ ചോദിച്ചു
'ഞാൻ എന്താ പറയേണ്ടത്, എങ്ങനെയാ പറയേണ്ടത്…. വനജയുടെ നേരെ അറ്റാക് ഉണ്ടായ എല്ലായിടത്തും ബീനയുടെ പ്രെസെൻസ് ഉണ്ടായിരുന്നില്ലേ?'
'യു മീൻ...?' കേട്ടത് വിശ്വസിക്കാനാവാതെ രാജീവനും വനജയും പരസ്പരം നോക്കി.
'ഐ ആം സോറി. ബട്ട് ഐ ആം ഹെൽപ്ലെസ്. എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല.' എബി അനുഭവിക്കുന്ന വീർപ്പുമുട്ടൽ ആ ശബ്ദത്തിലുണ്ടായിരുന്നു.
രാജീവനും വനജയും ഞെട്ടലിൽ നിന്നും മോചിതരാകാൻ സമയമെടുത്തു. എന്നിട്ടും ഒന്നും മിണ്ടാനാവാതെ നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ.
അവർ എന്തെങ്കിലും പറയുമോ എന്ന് അൽപ നേരം കാത്ത് നിന്ന ശേഷം, തല കുമ്പിട്ട് എബി ആ മുറിയിൽ നിന്നുമിറങ്ങിപ്പോയി.
'നോ രാജീവ്. ആ പാർക്കിംഗ് ലോട്ടിൽ എന്നെ പിടിച്ചത് ഒരു സ്ത്രീയല്ല. എനിക്ക് ഉറപ്പാണ്. അത്രയും കരുത്ത് ഒരു സ്ത്രീയ്ക്കും ഉണ്ടാവില്ല'
വനജയുടെ കൈകൾ അറിയാതെ തൻറെ കഴുത്തിൽ അന്നുണ്ടായ മുറിപ്പാടിൽ തലോടി
' നീ അതേക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കേണ്ട. ബാലു അന്വേഷിക്കട്ടെ നീ റെസ്ററ് ചെയ്യൂ…'
രാജീവൻ ഓഫീസിലേക്ക് പോയി.
Read More: https://www.emalayalee.com/writer/69