
യുഎസ്-ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കരുതെന്നു ട്രംപ് ഭരണകൂടം പല രാജ്യങ്ങളോടും നിർദേശിച്ചെന്നും 13 രാജ്യങ്ങൾ അത് അനുസരിച്ചെന്നും റിപ്പോർട്ട്.
സമ്മർദം ചെലുത്താൻ യുഎസ് നയതന്ത്ര കാര്യാലയങ്ങളോടു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ നിർദേശിച്ചെന്നു ഇറാന്റെ തസ്‌നീം ന്യൂസ് ഏജൻസി പറഞ്ഞു. 13 രാജ്യങ്ങൾ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കുകയോ പ്രാതിനിധ്യം ചെറിയ ആളുകളിൽ ഒതുക്കുകയോ ചെയ്‌തു.
യുഎസ് ഏറെ ദിവസങ്ങൾ നീണ്ട പരിശ്രമം നയതന്ത്ര തലത്തിൽ തുടർന്നു എന്നാണ് റിപ്പോർട്ട്. സംസ്കാര ചടങ്ങിൽ പങ്കെടുത്താൽ അത് യുഎസുമായുള്ള സൗഹൃദത്തിനു ഭംഗം വരുത്തുന്ന നടപടിയായി കണക്കാക്കുമെന്നു പല രാജ്യങ്ങളോടും വ്യക്തമാക്കി. അതിനു രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന താക്കീതും നൽകി.
അഞ്ചു അറബ് രാജ്യങ്ങളോടെങ്കിലും റുബിയോ നേരിട്ടു സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ടെഹ്‌റാനിലേക്കു പോകേണ്ട എന്നു തീരുമാനിച്ച 13 രാജ്യങ്ങളിൽ മൂന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളും രണ്ടു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു.
സർക്കാരിൽ ഉന്നത സ്ഥാനം ഇല്ലാത്തവരെ അയച്ച രാജ്യങ്ങളോട് ഇറാനു പ്രതിഷേധമുണ്ടെന്നും തസ്‌നീം അറിയിച്ചു.
ടെഹ്റാനിൽ ഇമാം ഖൊമെയ്‌നി ഗ്രാൻഡ് മുസല്ലയിൽ ശനിയാഴ്ച്ച ഖമേനായിയുടെ മൃതദേഹം വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ മില്യൺ കണക്കിന് ആളുകളാണ് തിങ്ങി നിറഞ്ഞത്.
ആദരം അർപ്പിക്കാൻ എത്തിയിട്ടുള്ള ഇറാൻ നേതാക്കളെ ഒറ്റയടിക്കു തീർക്കാൻ കഴിയുമെന്നു പ്രസിഡന്റ് ട്രംപ് പറയുകയുണ്ടായി. അതു ചെയ്‍തത് പിന്നീട് ചർച്ച നടത്താൻ ആരും ഇല്ലാതെ വരും എന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ സ്‌പീക്കർ മുഹമ്മദ് ഗാലിബഫ് പൊട്ടിക്കരഞ്ഞതിനെ പരാമർശിച്ച ട്രംപ് അതു വ്യാജ കണ്ണീരാണെന്നു പറയാൻ മടിച്ചില്ല.
ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ ഗൂഢാലോചന നടത്തിയെന്ന 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് തള്ളി.
US pressed 13 countries to skip Khamenei's funeral