Image

അമേരിക്കയുടെ 250-ാം വാർഷികം: ബെൽജിയത്തിൽ നിന്ന് ട്രംപിന് വജ്രങ്ങളും രത്നങ്ങളും പതിച്ച മോതിരം സമ്മാനമായി ലഭിച്ചു

Published on 04 July, 2026
അമേരിക്കയുടെ 250-ാം വാർഷികം: ബെൽജിയത്തിൽ നിന്ന് ട്രംപിന് വജ്രങ്ങളും രത്നങ്ങളും പതിച്ച മോതിരം സമ്മാനമായി ലഭിച്ചു

വാഷിങ്ടൺ, ജൂലൈ 4: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് ബെൽജിയത്തിലെ ആന്റ്‍വർപ്പ് വേൾഡ് ഡയമണ്ട് സെന്റർ (AWDC) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വജ്രങ്ങളും രത്നങ്ങളും പതിച്ച സ്വർണമോതിരം സമ്മാനിച്ചു.
 

ബ്രസൽസിൽ നടന്ന അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിനായി മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ 'ഗംഭീര സമ്മാനം' എന്ന് ട്രംപ് പ്രതികരിച്ചു. ബെൽജിയത്തിലെ അമേരിക്കൻ അംബാസഡർ ബിൽ വൈറ്റിനെയും ചടങ്ങിൽ പങ്കെടുത്തവരെയും അഭിവാദ്യം ചെയ്ത ട്രംപ്, ആന്റ്‍വർപ്പിലെ സുഹൃത്തുക്കൾ നൽകിയ സമ്മാനത്തിന് പ്രത്യേക നന്ദിയും അറിയിച്ചു.

ബെൽജിയവും അമേരിക്കയും തലമുറകളായി സ്വാതന്ത്ര്യം, ജനാധിപത്യം, സ്വയംഭരണം എന്നീ മൂല്യങ്ങൾ ഒരുമിച്ച് ഉയർത്തിപ്പിടിച്ചുവരികയാണെന്നും, സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ആദർശങ്ങൾ സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന് കൈമാറാനായി മോതിരം ഏറ്റുവാങ്ങിയ ബെൽജിയത്തിലെ അമേരിക്കൻ അംബാസഡർ ബിൽ വൈറ്റ്, ഇത് അമേരിക്കയും ബെൽജിയവും തമ്മിലുള്ള അതിരില്ലാത്ത സൗഹൃദത്തിന്റെ പ്രതീകമാണെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. എത്രയും വേഗം ഈ മോതിരം ട്രംപിന് കൈമാറി ഓവൽ ഓഫീസിൽ പ്രദർശിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

18 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഈ മോതിരത്തിൽ 321 വജ്രങ്ങൾ, 56 നീലക്കല്ലുകൾ, 13 മരതകങ്ങൾ, ആറ് മാണിക്യങ്ങൾ എന്നിവ പതിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ ദേശീയപതാകയുടെ രൂപവും 1776, 2026 എന്നീ വർഷങ്ങളും 250 YEARS USA എന്ന ആലേഖനവും ഇതിലുണ്ട്. ആന്റ്‍വർപ്പിലെ പ്രശസ്ത ആഭരണ ഡിസൈനറായ ഡേവിഡ് ഗോട്‌ലിബാണ് മോതിരം രൂപകൽപന ചെയ്തത്.

അതേസമയം, സമ്മാനം ഇതുവരെ ഔദ്യോഗികമായി ട്രംപിന് കൈമാറിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വിദേശ സർക്കാരുകളിൽ നിന്നുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കൻ ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരത്തിലുള്ള സമ്മാനങ്ങൾക്ക് പ്രത്യേക നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക