
ന്യൂഡൽഹി: അമേരിക്കയുടെ ചരിത്രപരമായ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ഇന്ത്യൻ ജനതയുടെ പേരിൽ ആശംസകൾ നേരുന്നതായി അദ്ദേഹം ഔദ്യോഗിക 'X' (ട്വിറ്റർ) ഹാൻഡിലിലൂടെ അറിയിച്ചു.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ പങ്കിട്ട മൂല്യങ്ങളാണ് ഇന്ത്യ–അമേരിക്ക ബന്ധത്തിന്റെ അടിത്തറയെന്നും, ഈ പങ്കാളിത്തം ആഗോള സമാധാനത്തിനും പുരോഗതിക്കും നന്മയ്ക്കും കരുത്തേകുന്ന ശക്തിയായി തുടരുമെന്നും മോദി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
'1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ 250-ാം വാർഷികത്തിൽ പ്രസിഡന്റ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു," മോദി സന്ദേശത്തിൽ പറഞ്ഞു.
അടുത്ത 250 വർഷങ്ങൾ അമേരിക്കയ്ക്ക് കൂടുതൽ സമൃദ്ധിയും സമാധാനവും പുരോഗതിയും നൽകട്ടെയെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്താൻ ഇത് കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.