
വാഷിങ്ടൺ, ജൂലൈ 4: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി സെക്കൻഡ് ലേഡി ഉഷ വാൻസ് അവതരിപ്പിച്ച കുട്ടികളുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ അമേരിക്കൻ പ്രസിഡന്റുമാരെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകളും കുട്ടികൾക്കുള്ള സന്ദേശവും പങ്കുവെച്ചു.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ചിത്രീകരിച്ച പരിപാടിയിൽ, വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച പ്രസിഡന്റ്സ് പ്ലേ എന്ന കുട്ടികളുടെ പുസ്തകമാണ് ട്രംപ് വായിച്ചത്. അമേരിക്കൻ പ്രസിഡന്റുമാരുടെ കായിക-വിനോദ താൽപര്യങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.
ഒഴിവുസമയത്ത് വായിക്കാൻ സമയം കണ്ടെത്താറുണ്ടോയെന്ന ചോദ്യത്തിന്, പ്രധാനമായും പത്രങ്ങളാണ് വായിക്കാറുള്ളതെന്നും, അതിൽ കൂടുതലും തന്നെക്കുറിച്ചുള്ള വാർത്തകളാണെന്നും ട്രംപ് തമാശരൂപേണ പറഞ്ഞു.
പുസ്തകത്തിലെ ചിത്രങ്ങൾ നോക്കിക്കൊണ്ട് മുൻ പ്രസിഡന്റുമാരെക്കുറിച്ചും അദ്ദേഹം അഭിപ്രാങ്ങൾ പങ്കുവച്ചു. മുൻ പ്രസിഡന്റ് ലിൻഡൺ ബി. ജോൺസൺ ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും, റൊണാൾഡ് റീഗൻ ഉയർന്ന നിലവാരമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഹാരി എസ്. ട്രൂമാൻ വൈറ്റ് ഹൗസ് പരിസരത്ത് നടക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
ബിൽ ക്ലിന്റൺ നല്ല വ്യക്തിയാണെന്നും അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. എബ്രഹാം ലിങ്കൺ കുതിരസവാരി ചെയ്യുന്ന ചിത്രം കണ്ടപ്പോൾ, താനും കുതിരസവാരി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കുതിരപ്പുറത്ത് നിന്ന് വീഴുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.
റിച്ചാർഡ് നിക്സൺ അധികാരത്തിൽ തുടരാൻ ഏറെ പോരാട്ടങ്ങൾ നേരിട്ടിരുന്നുവെന്നും, ചില സാഹചര്യങ്ങളും അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളും അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ബറാക് ഒബാമയെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹം മികച്ച ബാസ്‌കറ്റ്ബോൾ താരമാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും, അദ്ദേഹത്തിന് ഗോൾഫിനോടാണ് കൂടുതൽ താൽപര്യമെന്നും ട്രംപ് പറഞ്ഞു.
ഡ്വൈറ്റ് ഐസൻഹവറെ പരാമർശിച്ച ട്രംപ്, വൈറ്റ് ഹൗസിന് പുറത്തുള്ള പുട്ടിങ് ഗ്രീൻ താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും, വൈറ്റ് ഹൗസിൽ ജോലി ചെയ്യുന്നതായിരിക്കണം ആളുകൾ കാണേണ്ടതെന്നും, ഗോൾഫ് കളിക്കുന്നതായിരിക്കരുതെന്നും അഭിപ്രായപ്പെട്ടു.
വില്യം ഹോവാർഡ് ടാഫ്റ്റിനെക്കുറിച്ച് സംസാരിക്കവെ, അമേരിക്കയുടെ ഏറ്റവും ഭാരം കൂടിയ പ്രസിഡന്റെന്ന റെക്കോർഡ് അദ്ദേഹത്തിനാണെന്നും, ആ റെക്കോർഡ് മറികടക്കാതിരിക്കാൻ താനും ശ്രദ്ധിക്കേണ്ടിവരുമെന്നുമുള്ള തമാശയും ട്രംപ് പങ്കുവച്ചു. പരിപാടി കണ്ട കുട്ടികൾ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
പരിപാടിയുടെ അവസാനം, അമേരിക്ക മഹത്തായ രാജ്യമാണെന്നും, ജൂലൈ നാലാം തീയതി ആഘോഷത്തിന്റെയും ദേശസ്നേഹത്തിന്റെയും ദിനമാണെന്നും, രാജ്യം കൂടുതൽ ശക്തവും മഹത്തരവുമാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക പോഡ്കാസ്റ്റ് പുറത്തിറക്കിയത്.