Image

പെറു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെയ്കോ ഫുജിമോറിക്ക് അഭിനന്ദനവുമായി നരേന്ദ്ര മോഡി

Published on 04 July, 2026
പെറു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെയ്കോ ഫുജിമോറിക്ക് അഭിനന്ദനവുമായി നരേന്ദ്ര മോഡി

ന്യൂഡൽഹി, ജൂലൈ 4: പെറു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെയ്കോ ഫുജിമോറിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദനം അറിയിച്ചു. ഇന്ത്യ–പെറു സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, പുതിയ പ്രസിഡന്റുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
 

എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ്  പെറു പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ വിജയത്തിന് മോഡി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചത്. ഇന്ത്യ പെറുവുമായുള്ള  സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ  പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

പെറുവിന്റെ ദേശീയ തിരഞ്ഞെടുപ്പ് ജൂറി (National Jury of Elections) പ്രസിഡന്റ് റോബർട്ടോ ബുർനിയോ, ജൂൺ 7-ന് നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫോഴ്സ് പാർട്ടിയുടെ സ്ഥാനാർഥിയായ കെയ്കോ ഫുജിമോറിയെ 2026–2031 കാലയളവിലേക്കുള്ള പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഔദ്യോഗിക ഫലപ്രകാരം ഫുജിമോറി 50 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു.

ജൂലൈ 28-ന് കെയ്കോ ഫുജിമോറി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. ലൂയിസ് ഗലറെറ്റ ഒന്നാം വൈസ് പ്രസിഡന്റായും മിഗ്വൽ ടോറസ് രണ്ടാം വൈസ് പ്രസിഡന്റായും ചുമതലയേൽക്കും.

വ്യാപാരം, നിക്ഷേപം, ഖനനം, ഫാർമസ്യൂട്ടിക്കൽസ്, വിവരസാങ്കേതികവിദ്യ, കൃഷി, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും പെറുവും തമ്മിലുള്ള സഹകരണം കഴിഞ്ഞ വർഷങ്ങളിലായി ശക്തിപ്പെട്ടുവരികയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം വിപുലീകരിക്കുന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് പെറുവുമായുള്ള ബന്ധത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക