Image

കുട്ടികളുടെ പോഡ്കാസ്റ്റിൽ ഉഷ വാൻസിനെ പ്രശംസിച്ച് ട്രംപ്

Published on 04 July, 2026
കുട്ടികളുടെ പോഡ്കാസ്റ്റിൽ ഉഷ വാൻസിനെ പ്രശംസിച്ച് ട്രംപ്

വാഷിങ്ടൺ, ജൂലൈ 4: സെക്കൻഡ് ലേഡി  ഉഷ വാൻസ് അവതരിപ്പിക്കുന്ന കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന പോഡ്കാസ്റ്റിൽ പങ്കെടുത്ത് പ്രസിഡന്റ് ട്രംപ് ഉഷ വാൻസിനെ പ്രശംസിച്ചു. വൈറ്റ് ഹൗസിൽ എല്ലാവർക്കും പ്രിയങ്കരിയാണ് ഉഷ എന്നാണ് ട്രംപ് പ്രശംസിച്ചത്.
 

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക എപ്പിസോഡിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിന്നാണ് പരിപാടി സംപ്രേഷണം ചെയ്തത്. വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച 'പ്രസിഡെന്റ്സ് പ്ലേ' എന്ന കുട്ടികളുടെ പുസ്തകം ട്രംപ് വായിച്ചുകൊടുക്കുകയും, മുൻ പ്രസിഡന്റുമാരെക്കുറിച്ചും വൈറ്റ് ഹൗസിന്റെ ചരിത്രത്തെക്കുറിച്ചും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

 കുട്ടികളെ ഓവൽ ഓഫീസിലേക്ക് സ്വാഗതം ചെയ്തതിൽ ഉഷ വാൻസ് പ്രസിഡന്റിന് നന്ദി അറിയിക്കുകയും, സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് നൽകാനുള്ള സന്ദേശം എന്താണെന്ന് ട്രംപിനോട് ചോദിക്കുകയും ചെയ്തു.
 

ഓവൽ ഓഫീസ് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഇടങ്ങളിലൊന്നാണ്" എന്ന് വിശേഷിപ്പിച്ച ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്  മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും പ്രശംസിച്ചു.

തന്റെ 11 പേരക്കുട്ടികളും ഈ പരിപാടി കാണുമെന്ന് ഉറപ്പാക്കുമെന്ന് ട്രംപ്  പറഞ്ഞത് ശ്രദ്ധേയമായി. കുട്ടികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഉഷ വാൻസ് ആരംഭിച്ച സ്റ്റോറിടൈം വിത്ത് ദി സെക്കൻഡ് ലേഡി  എന്ന പോഡ്കാസ്റ്റിൽ പൊതുജീവിതത്തിലെ പ്രമുഖർ അതിഥികളായി എത്തി കുട്ടികൾക്കായി പുസ്തകങ്ങൾ വായിച്ചുകൊടുക്കാറുണ്ട്.

2025 ജനുവരിയിൽ ജെ.ഡി. വാൻസ് അധികാരമേറ്റതോടെ, ഇന്ത്യൻ വംശജയായ ഉഷ വാൻസ് അമേരിക്കയുടെ ആദ്യ ഇന്ത്യൻ-അമേരിക്കൻ സെക്കൻഡ് ലേഡിയായി ചരിത്രം സൃഷ്ടിച്ചിരുന്നു. അഭിഭാഷകയായ ഉഷ വാൻസ് കുട്ടികളുടെ വിദ്യാഭ്യാസവും വായനാശീലവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക