Image

മനുഷ്യജീവനെ സംരക്ഷിക്കുക എന്നതിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടുന്നു: പാപ്പാ

ഫാ. ജിനു തെക്കേത്തലക്കൽ Published on 04 July, 2026
മനുഷ്യജീവനെ സംരക്ഷിക്കുക എന്നതിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടുന്നു: പാപ്പാ

വത്തിക്കാൻ സിറ്റി: അമേരിക്കൻ ഐക്യനാടുകൾ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന്റെ ഇരുനൂറ്റി അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, അമേരിക്കൻ ജനതയ്ക്കു മുഴുൻ തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശം പങ്കുവച്ചു. സ്വാതന്ത്ര്യം, സമത്വം, സന്തോഷം തേടാനുള്ള അവകാശം, നീതി, ജനാധിപത്യ സ്വയംഭരണം എന്നീ ആദർശങ്ങൾക്ക് ശാശ്വതമായ ശബ്ദം നൽകിയ ദിനമായിരുന്നു, 1776 ജൂലൈ നാലാം തീയതിയെന്നു പാപ്പാ അനുസ്മരിച്ചു.

കഴിഞ്ഞ രണ്ടര നൂറ്റാണ്ടുകളായി, അമേരിക്കൻ ജനതയുടെ തലമുറകൾ ത്യാഗത്തിലൂടെയും സേവനത്തിലൂടെയും നവീകരണത്തിലൂടെയും പൗരബോധത്തോടെയുള്ള പങ്കാളിത്തത്തിലൂടെയും ഈ തത്വങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ഒരുമിച്ച് പ്രവർത്തിച്ചുവെന്നും, അതിനാൽ ഈ വാർഷിക അവസരം, ജനങ്ങൾ തമ്മിലും, വരും തലമുറയോടും പുലർത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണെന്ന് പാപ്പാ പറഞ്ഞു.

മനസ്സാക്ഷിക്കനുസരിച്ച് ആരാധിക്കാനും ഭയമോ നിർബന്ധമോ കൂടാതെ സ്വന്തം വിശ്വാസം പരസ്യമായി ആചരിക്കാനുമുള്ള ഓരോ വ്യക്തിയുടെയും അവകാശമായ മത സ്വാതന്ത്ര്യം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും, ഇത് വ്യക്തിപരമായ അന്തസ്സിനെയും വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തെയും സംരക്ഷിക്കുന്നുവെന്നും  പാപ്പാ പറഞ്ഞു. ഇതേ സ്വാതന്ത്ര്യമാണ് കത്തോലിക്കാ സഭയ്ക്ക് അമേരിക്കയിൽ വേരൂന്നാനും വളരാനും അവസരം നൽകിയതെന്നും പാപ്പാ അനുസ്മരിച്ചു.

സഭയുടെ വിശ്വസ്തരായ മക്കളെന്ന നിലയിൽ, കത്തോലിക്കർ തങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകാൻ വിളിക്കപ്പെട്ടവരാണെന്നും, ദൈനംദിന ജീവിത സാഹചര്യങ്ങളിൽ സുവിശേഷം ജീവിച്ചുകൊണ്ട് അവർ രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ, ദരിദ്രരോടുള്ള പ്രത്യേക പരിഗണന, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സാമൂഹിക സേവനങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണെന്നും പാപ്പാ പറഞ്ഞു.

വിശ്വാസം പൗരധർമ്മത്തിന് വിരുദ്ധമല്ല, മറിച്ച് നീതിക്കും സമാധാനത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്നുവെന്നും,  സമാധാനപരമായ ജീവിതം നയിക്കുന്നതിനായി അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ പൗലോസ് അപ്പസ്തോലനും ആദ്യകാല ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

"മനുഷ്യജീവനെ സംരക്ഷിക്കുക എന്നതിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടുന്നു. അവരുടെ പ്രത്യാശകളും ത്യാഗങ്ങളും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യവും അവസരങ്ങളും തേടി എത്തിയവർ ഓരോ തലമുറയിലും രാജ്യത്തിന്റെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. അവരെ ഉദാരമനസ്കതയോടെ സ്വീകരിക്കുന്നത് ഒരു പുണ്യപ്രവൃത്തി മാത്രമല്ല, ഓരോ മനുഷ്യന്റെയും അന്തസ്സിനെ അംഗീകരിക്കൽ കൂടിയാണ്.", പാപ്പാ പറഞ്ഞു.

"എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് പങ്കാളിത്ത ഉത്തരവാദിത്തവും, ധൈര്യവും ആവശ്യമാണ്. ലോകം നേരിടുന്ന വെല്ലുവിളികളുടെ ഭാരം ഒറ്റയ്ക്ക് ചുമക്കാൻ ആർക്കും കഴിയില്ല." എന്ന 'മഞ്ഞീഫിക്ക ഉമാനിത്താസ്' ചാക്രികലേഖനത്തിന്റെ വചനങ്ങൾ  ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരെ നയിച്ച തത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ഏവരുടെയും പരിശ്രമങ്ങൾക്ക് പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനവും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക