
രാജ്യത്തെ വാഹന നിർമാണ വിപണിയെ ആഗോള തലത്തിലേക്ക് ഉയർത്തുന്ന പുതിയ പദ്ധതിയുമായി മാരുതി സുസുക്കി. ഹരിയാനയിലെ ഐഎംടി ഖാർഖോദയിൽ സ്ഥാപിച്ച മാരുതി സുസുക്കിയുടെ അത്യാധുനിക വാഹന നിർമാണ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടന്ന ഇന്ത്യ–ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിനിടെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.
ചടങ്ങിൽ ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി, സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിറോ സുസുക്കി, മാരുതി സുസുക്കി ഇന്ത്യ സിഇഒ ഹിസാഷി ടകെഉച്ചി എന്നിവർ പങ്കെടുത്തു.
ഇന്ത്യയിൽ നാല് പതിറ്റാണ്ട് പിന്നിട്ട മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഈ പ്ലാന്റ് വിലയിരുത്തപ്പെടുന്നത്. പ്ലാന്റിന്റെ പൂർണ്ണമായ വികസനത്തിനായി ആകെ 35,000 കോടി രൂപയുടെ വൻ നിക്ഷേപമാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. പ്ലാന്റ് പൂർണ്ണ ശേഷി കൈവരിക്കുന്നതോടെ പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ ഇവിടെ നിർമ്മിക്കാനാകും. തുടക്കത്തിൽ 5 ലക്ഷം യൂണിറ്റായിരിക്കും വാർഷിക ഉൽപ്പാദനം. ഭാവിയിൽ കമ്പനിയുടെ മൊത്തം ഉൽപ്പാദനം 40 ലക്ഷമായി ഉയർത്താൻ ഈ പ്ലാന്റ് സഹായിക്കും.
ഈ മെഗാ പ്രൊജക്റ്റ് പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ 21,000-ത്തിലധികം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കും. ഇന്ത്യൻ നിർമ്മിത കാറുകൾക്ക് ആഗോള വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാരുതിയുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഗുജറാത്തിലെ പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ഇവിടെനിന്നും ജപ്പാൻ ഉൾപ്പെടെ ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്കാണ് ഈ വാഹനം കയറ്റുമതി ചെയ്യുന്നത്. ഇതോടെ ജപ്പാനിലേക്ക് ഏറ്റവും കൂടുതൽ കാറുകൾ കയറ്റി അയക്കുന്ന ആഗോള ബ്രാൻഡായി സുസുക്കി മാറി.