
ഇറാൻ പരമാധികാരി ആയിരുന്ന ആയത്തൊള്ള അലി ഖമേനായിയുടെ സംസ്‌കാര ചടങ്ങുകളിൽ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവർ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
ടെഹ്റാനിൽ വെള്ളിയാഴ്ച്ച ആരംഭിച്ച ചടങ്ങുകളിൽ ഖമേനായിയുടെ മൃതദേഹ പേടകത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികളും ഇറാൻ നേതാക്കൾക്കൊപ്പം എത്തി.
ജനലക്ഷങ്ങൾ തടിച്ചു കൂടിയതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഗ്രാൻഡ് മുസല്ല പ്രെയർ ഗ്രൗണ്ട് ശനിയാഴ്ച്ച രാവിലെ ആറു മണിക്കു തുറക്കുമെന്നും അവിടെ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാമെന്നും ടെഹ്‌റാൻ ഗവർണർ മുഹമ്മദ് സാദേ മൊത്തമേഡിയൻ പറഞ്ഞു.
ഒരു കോടിയിലധികം ജനങ്ങളെയാണ് ടെഹ്റാനിൽ പ്രതീക്ഷിക്കുന്നത്. ഖോം, ബഗ്‌ദാദ് തുടങ്ങിയ നഗരങ്ങളിലും ചടങ്ങുകൾ നടത്തിയ ശേഷം ജൂലൈ 9നാണു സംസ്കാരം.
മൈതാനത്തു അന്ത്യാഞ്ജലി അർപ്പിക്കാൻ വെള്ളിയാഴ്ച്ച പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സ്‌പീക്കർ ഗാലിബഫ്, നീതിന്യായ മേധാവി ഗുലാം ഹുസൈൻ മൊഹ്‌സീൻ എജി തുടങ്ങിയവർ എത്തി.
ഇറാഖി പ്രസിഡന്റ് നിസാർ അമേദി, പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്, ആർമി ചീഫ് അസിം മുനീർ തുടങ്ങി നിരവധി വിദേശ നേതാക്കളും എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീത്തയാണ് പങ്കെടുക്കുന്നത്.
ഫെബ്രുവരി 28നു ഇറാനെതിരെ യുഎസ്, ഇസ്രയേലി സേനകൾ ആക്രമണം നടത്തിയപ്പോഴാണ് ഖമേനായി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പല കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
Ghalibaf, Araghchi break down at Khamenei's farewell