Image

സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍ ആരംഭിക്കാൻ ഗതാഗത വകുപ്പ്

Published on 04 July, 2026
സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍ ആരംഭിക്കാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ഗതാഗത വകുപ്പ് 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് സര്‍വീസുകള്‍.

ഡിജിറ്റല്‍, എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കെഎസ്ആര്‍ടിസിയെ നവീകരിക്കുക, സ്‌പോണ്‍സര്‍ഷിപ് വഴി ബസുകള്‍ സംഭാവന ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഫീഡ് ബാക്ക് സംവിധാവും നടപ്പാക്കും. ഓരോ മാസവും മികച്ച കണ്ടക്ടര്‍ , ഡ്രൈവര്‍ പുരസ്‌കാരങ്ങള്‍ നല്‍കും. എംഎല്‍എ ഫണ്ട് ഉപയോഗിച്ചു ബസുകള്‍ വാങ്ങാന്‍ പദ്ധതി തയാറാക്കും.

ഡിപ്പോ ആധുനികവല്‍ക്കരണത്തിന് തദ്ദേശസ്ഥാപന ഫണ്ട് വിനിയോഗിക്കും. റെയില്‍വേ മാതൃകയില്‍ വെയ്റ്റ് ലിസ്റ്റ്, തത്കാല്‍ ബുക്കിങ് സൗകര്യം ബസുകളില്‍ നടപ്പാക്കും. വെയ്റ്റ് ലിസ്റ്റ് 50 കഴിഞ്ഞാല്‍ അതേ റൂട്ടില്‍ അധിക സര്‍വീസ് നടത്താനും ആലോചനയുണ്ട്. ഇത് ബസുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പിന്നീട് നടപ്പാക്കുക.

 വായു മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് റിക്ഷകളിലേക്കും ടാക്‌സികളിലേക്കും മാറുന്നതിന് സബ്‌സിഡിയും വായ്പയും ലഭ്യമാക്കും.

സംസ്ഥാനത്ത് സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കും. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കും. റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന് സമഗ്ര ട്രാഫിക് നയം രൂപീകരിക്കും. ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്കായുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പ് ഒഴിവാക്കും. കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക