
യുഎസ് സ്വാതന്ത്ര്യത്തിന്റെ 250ആം വാർഷികത്തിൽ രാജ്യത്തിന് ആദരമർപ്പിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച്ച വൈകിട്ടു സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്‌മോറിൽ പ്രസംഗിച്ച ട്രംപ് ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കി സ്ഥാപക പിതാക്കളെ അഭിവാദ്യം ചെയ്തു.
റഷ്‌മോറിൽ കൊത്തി വച്ചിട്ടുള്ള നാലു പ്രസിഡന്റുമാരുടെ ശിൽപങ്ങൾ ചൂണ്ടിക്കാട്ടി അവർ 'അമേരിക്കൻ മഹാന്മാർ' ആയിരുന്നുവെന്നു ട്രംപ് അടിവരയിട്ടു പറഞ്ഞു. ജോർജ് വാഷിംഗ്‌ടൺ, തോമസ് ജെഫേഴ്സൺ, ഏബ്രഹാം ലിങ്കൺ, തിയഡോർ റൂസ്വെൽറ്റ് എന്നിവരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
"രാജ്യത്തിൻറെ പിതാവ് ജോർജ് വാഷിംഗ്ടനെ നമുക്ക് അഭിവാദ്യം ചെയ്യാം. സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയ തോമസ് ജെഫേഴ്സൺ, രാജ്യത്തിൻറെ മഹാനായ വിമോചകനും രക്ഷകനുമായ ഏബ്രഹാം ലിങ്കൺ, അമേരിക്കയെ ആഗോള വൻ ശക്തിയാക്കിയ തിയഡോർ റൂസ്‌വെൽറ്റ് എന്നിവരെയും നമുക്കു വണങ്ങാം."
ഇവർ നാലു പേർ കർമോൽസുകരും വിജയം തേടിവരും ധീരന്മാരും ഭാവിയുടെ വിധാതാക്കളും ആയിരുന്നുവെന്നു ട്രംപ് അനുസ്മരിച്ചു.
"സ്വാതന്ത്ര്യം പ്രഖ്യാപിച്ചവർ ഇവരാണ്. അത് നേടിത്തന്നത് ഇവരാണ്. അതു സംരക്ഷിച്ചത് അവരാണ്. ചരിത്രത്തിലെ യഥാർഥ മഹാന്മാരാണ് അവർ. ഇന്ന്, രാജ്യത്തിൻറെ 250ആം വാർഷികത്തിൽ അവരുടെ സ്മാരകത്തിനു മുന്നിൽ നമ്മൾ ആദരമർപിക്കുന്നു."
അമേരിക്കയുടെ വേരുകൾ സ്വാതന്ത്ര്യത്തിലും സ്വയം പര്യാപ്തതയിലും ദേശഭക്തിയിലും ഉറച്ചാണ് നിൽക്കുന്നതെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
നമ്മളെ പോലെ മറ്റൊരു ജനതയില്ല
രാജ്യത്തിൻറെ കരുത്തിനു ഉറവിടം ഭരണഘടന മാത്രമല്ല, ജനങ്ങളുടെ മൂല്യങ്ങളും സവിശേഷതകളും കൂടിയാണെന്നു അദ്ദേഹം പറഞ്ഞു. "നമ്മളെ പോലെ മറ്റൊരു ജനതയില്ല. യുഎസിനെ പടുത്തുയർത്തിയത് ഭരണകൂടത്തിന്റെ ശക്തിയേക്കാൾ കൂടുതലായി സ്വാതന്ത്യത്തെ മാനിക്കുന്ന ജനങ്ങളാണ്. അമേരിക്കൻ ജനത രാജാവിനു മുന്നിൽ വണങ്ങാറില്ല, സർവശക്തനായ ദൈവത്തിന്റെ മുന്നിൽ മാത്രമേ വണങ്ങാറുള്ളു.
"നമ്മൾ 250ആം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ അമേരിക്കൻ സാംസ്‌കാരമില്ലാതെ അമേരിക്കൻ സ്വാതന്ത്ര്യമില്ല എന്നത് ഓർമിക്കണം. അമേരിക്കയിൽ നമുക്കു തോന്നുന്നതു പറയാൻ ആരുടെയും അനുവാദം ആവശ്യമില്ല, ഇഷ്ടത്തിനൊത്തു ജീവിക്കാൻ ആരും തടസമാവില്ല, വിശ്വാസം പോലെ ആരാധിക്കാൻ തടസമില്ല."
അവിശ്വസനീയവും മനോഹരവുമായ വർഷമാവും ഇതെന്നു ട്രംപ് പറഞ്ഞു.
കമ്മ്യൂണിസം ഭീഷണിയാവുന്നു
കമ്മ്യൂണിസം രാജ്യത്തിനു ഭീഷണി ഉയർത്തുന്നുവെന്നു ട്രംപ് താക്കീതു നൽകി. യുഎസിനു ധാർമികമായ ഭീഷണിയാണത്. നമ്മുടെ ജീവിതരീതിക്കും വൻ വിജയങ്ങൾക്കും ഭീഷണി ഉയർത്തുന്ന നവാഗതർ കമ്മ്യൂണിസ്റ്റ് ഭീഷണി വീണ്ടും കൊണ്ടുവരുന്നു.
ഭരണ ഘടനാ പരിഷ്കാരങ്ങളെ സംരക്ഷിക്കുമെന്നു ട്രംപ് ഉറപ്പു നൽകി. സ്ഥാപക തത്വങ്ങൾ രാജ്യത്തിൻറെ കരുത്താണ്.
Trump salutes founding fathers