
തിരുവനന്തപുരം: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) തള്ളി. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, തുടർന്ന് വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വട്ടിയൂർക്കാവ് പൊലീസിനെ ആക്രമിച്ച കേസിലുമാണ് കോടതി ജാമ്യം നിഷേധിച്ചത്. വധശ്രമക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ് എസ്.എച്ച്.ഒയ്ക്ക് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നെങ്കിലും സുഗതൻ തയാറായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ മാസം വട്ടിയൂർക്കാവിലുള്ള വീട് വളഞ്ഞ്, സംഘർഷാന്തരീക്ഷത്തിൽ വെടിയുതിർത്താണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വാഴോട്ടുകോണം കൗൺസിലറായ ആർ. സുഗതന്റെ പേരിൽ നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. 2019-ൽ ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2023-ൽ വീടുകയറി വാഹനങ്ങളും വസ്തുവകകളും തകർത്ത കേസ്, ഭർത്താവിനോടുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസ് എന്നിവ ഇതിൽ ചിലതുമാത്രമാണ്. കൂടാതെ, കഴിഞ്ഞ വർഷം (2025) ബിസിനസ് തർക്കത്തിന്റെ പേരിൽ യുവാവിനെ വധിക്കാൻ ശ്രമിച്ചതിനും, സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.
ഇവയ്ക്ക് പുറമേ, ഈ വർഷം ഫെബ്രുവരിയിൽ വി.കെ പ്രശാന്ത് എം.എൽ.എ നൽകിയ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലും സുഗതൻ പ്രതിയാണ്. ഇത്തരത്തിൽ പ്രദേശത്ത് നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിരവധി കേസുകളിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി സുഗതനെ വാഴോട്ടുകോണം വാർഡിൽ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചത്.