
ഡെറാഡൂൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണത്തിലും സംഭാവനകളിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. ക്ഷേത്രത്തിലെ ചടങ്ങുകളിലും വഴിപാടുകളിലും ലഭിച്ച തുക ജീവനക്കാർ ചേർന്ന് വകമാറ്റിയെന്ന വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് വൻ ഭക്തജനപ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി (BKTC) അടിയന്തര യോഗം ചേർന്ന് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദിയുടെ പേഴ്സണൽ സെക്രട്ടറിക്ക് അഴിമതിയിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രധാനമായും ഉയർന്നത്. എന്നാൽ, ആരോപണവിധേയനായ വ്യക്തി പ്രസിഡന്റിന്റെ പേഴ്സണൽ സെക്രട്ടറിയല്ലെന്നും ക്ഷേത്ര സമിതിയിലെ ഒരു സാധാരണ ജീവനക്കാരൻ മാത്രമാണെന്നും ബി.കെ.ടി.സി അധികൃതർ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. എങ്കിലും, ഉയർന്നുവന്ന പരാതികളുടെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്താൻ സമിതി തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും അക്കൗണ്ടുകളും കൂടാതെ, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് ബി.കെ.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗാദ് അറിയിച്ചു. 1939-ലെ ശ്രീ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ ആക്ട് പ്രകാരം കുറ്റക്കാർക്കെതിരെ കർശനമായ വകുപ്പുതല നടപടികളും നിയമനടപടികളും സ്വീകരിക്കുമെന്നും, ക്ഷേത്രത്തിന്റെ സുതാര്യതയും ഭക്തരുടെ വിശ്വാസവും കാത്തുസൂക്ഷിക്കാൻ സമിതി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.