
ഹൈദരാബാദ്: ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ പുതിയ ചരിത്രമെഴുതിക്കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് തങ്ങളുടെ 'വിക്രം-I' റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള അന്തിമ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. 'മിഷന്‍ ആഗമന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍ണായക ദൗത്യം ജൂലൈ 12 നും ഓഗസ്റ്റ് 4 നും ഇടയിലുള്ള വിക്ഷേപണ വിന്‍ഡോയില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ച് നടക്കും. പൂര്‍ണമായും കാര്‍ബണ്‍ കംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച, ഏഴ് നിലകളുടെ ഉയരമുള്ള ഈ മള്‍ട്ടിസ്റ്റേജ് റോക്കറ്റ് നിലവില്‍ വിക്ഷേപണ തറയില്‍ സജ്ജമാക്കിക്കഴിഞ്ഞു.
ഇന്ത്യന്‍ മണ്ണില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ റോക്കറ്റായ 'വിക്രം എസ്' 2022 നവംബര്‍ 18ന് വിജയകരമായി സബ്ഓര്‍ബിറ്റല്‍ പരീക്ഷണം നടത്തി സ്‌കൈറൂട്ട് നേരത്തെ ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി, ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ യഥാര്‍ത്ഥ ഓര്‍ബിറ്റല്‍ ദൗത്യമാണ് വിക്രം-1. ദൗത്യം ലക്ഷ്യം കണ്ടാൽ സ്പേസ്എക്സ്, ബ്ലൂ ഒറിജിന്‍, റോക്കറ്റ്ലാബ് തുടങ്ങിയ ആഗോള ബഹിരാകാശ കമ്പനികളുടെ എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയിലെ ഈ യുവ സ്റ്റാർട്ടപ്പും ഉയരും. തത്സമയ പ്രവര്‍ത്തന വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് മിഷന്‍ ആഗമന്റെ പ്രധാന ലക്ഷ്യം.
ത്രീഡി പ്രിന്റഡ് എന്‍ജിനുകളും ഉയര്‍ന്ന ശേഷിയുള്ള സോളിഡ്-ഫ്യുവല്‍ ബൂസ്റ്ററുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഈ റോക്കറ്റിൽ ഉപയോഗിക്കുന്നത്. ഭൂമിയില്‍ നിന്നും 450 കിലോമീറ്റര്‍ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിലേക്ക് (Low Earth Orbit) 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ കൃത്യമായി എത്തിക്കാന്‍ വിക്രം-1 റോക്കറ്റിന് സാധിക്കും. കുതിച്ചുയരുന്ന നിമിഷം മുതല്‍ വിവിധ ഘട്ടങ്ങളായുള്ള വേര്‍പെടല്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ (ISRO) സാങ്കേതിക സഹായവും ഈ ദൗത്യത്തിനുണ്ട്.